നിര്‍ണായക നീക്കം; അതിജീവിതയുടെ മൊഴിയെടുത്ത വീഡിയോ സിഡിയിലാക്കി ഹാജരാക്കി പ്രോസിക്യൂഷന്‍
തിരുവനന്തപുരം:മൂന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹര്‍ജിയിലെ വാദത്തിനിടെ പ്രോസിക്യൂഷന്റെ നിര്‍ണായക നീക്കം.
അതിജീവിതയുടെ മൊഴിയെടുത്ത വീഡിയോ സിഡിയിലാക്കി കോടതിയില്‍ ഹാജരാക്കി. ഓണ്‍ലൈന്‍ ആയി രഹസ്യമൊഴി രേഖപ്പെടുത്താന്‍ അതിജീവിത തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. വിദേശത്ത് ആയതിനാല്‍ ഓണ്‍ലൈന്‍ ആയി രഹസ്യമൊഴി എടുക്കണമെന്നാണ് അപേക്ഷ.
അതേസമയം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായി. പ്രതിയും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി.
എല്ലാം പരസ്പര സമ്മതത്തോടെ എന്നും പ്രതിഭാഗം വാദിച്ചു. രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.
രാഹുല്‍ നിരന്തരമായി കുറ്റം ചെയ്യുന്ന ആളാണെന്നും നിരന്തര പരാതികള്‍ ഇയാള്‍ക്കെതിരില്‍ ഉയര്‍ന്നുവന്നതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ നടപടികള്‍ പുരോഗമിക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍, എല്ലാം പരസ്പര സമ്മതത്തോടെയാണ് ചെയ്തതെന്നും ജാമ്യം കിട്ടിയാല്‍ പ്രതി മുങ്ങില്ലെന്നും ഉത്തരവാദിത്തമുള്ള ജനപ്രതിയാണെന്നുമായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.
കേസിന്റെ ഗൗരവസ്വഭാവം പരിഗണിച്ച് അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധിപറയും.