സിംബാബ്വെ ബോട്ട് ദുരന്തത്തില്‍ മരണം 84 ആയി; ഇരകള്‍ക്ക് ആശ്വാസഹസ്തവുമായി ചിന്‍ഹോയി രൂപത
സിംബാബ്വെയിലെ കരിബ തടാകത്തില്‍ ഫെറി ബോട്ട് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 84 ആയി ഉയര്‍ന്നു. ദുരന്തബാധിതരായ കുടുംബങ്ങള്‍ക്ക് സഹായവും ആശ്വാസവും എത്തിക്കാന്‍ കത്തോലിക്കാ സഭയുടെ ചിന്‍ഹോയി രൂപത ആഹ്വാനം ചെയ്തു.
കഴിഞ്ഞ ആഴ്ചയിലുണ്ടായ ശക്തമായ തിരമാലകളെത്തുടര്‍ന്നാണ് 'എംബുയ നെഹാന്ദ' എന്ന യാത്രാ ബോട്ട് തടാകത്തില്‍ മറിഞ്ഞത്. 90 പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ബോട്ടില്‍ കുഞ്ഞുങ്ങളടക്കം 150-ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് വിവരങ്ങള്‍. മരണപ്പെട്ടവരില്‍ അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളടക്കം 18-ഓളം കുട്ടികളും ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഇതുവരെ 77 പേരെ ജീവനോടെ രക്ഷപ്പെടുത്തി.
ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാനും അവര്‍ക്ക് ആവശ്യമായ സാമ്പത്തിക-ഭൗതിക സഹായങ്ങള്‍ നല്‍കാനും ചിന്‍ഹോയി രൂപതാ നേതൃത്വം വിശ്വാസികളോടും സന്നദ്ധ സംഘടനകളോടും അഭ്യര്‍ഥിച്ചു. അപകടത്തില്‍പ്പെട്ട പല കുടുംബങ്ങള്‍ക്കും മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിനും അടിയന്തര പ്രാഥമിക ആവശ്യങ്ങള്‍ക്കും സഹായം അത്യാവശ്യമാണെന്ന് രൂപത വ്യക്തമാക്കി.
പ്രദേശത്ത് റോഡ് ഗതാഗത സൗകര്യങ്ങള്‍ കുറവായതിനാല്‍ ഗ്രാമീണരും മത്സ്യത്തൊഴിലാളികളും പ്രധാനമായും ആശ്രയിക്കുന്നത് ഇത്തരം ബോട്ടുകളെയാണ്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.