പാകിസ്ഥാനിലെ പ്രളയ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു; 307 മരണം സ്ഥിരീകരിച്ചു

പാകിസ്ഥാന്‍;പാകിസ്ഥാനിലും പാക്കധീന കശ്മീരിലും ഉണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും എണ്ണം വര്‍ധിക്കുന്നു. 307 പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ പര്‍വതപ്രദേശങ്ങളായ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടായത്. 74 വീടുകള്‍ തകര്‍ന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് ജീവനക്കാര്‍ മരിച്ചു. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ബജൗറിലേക്ക് പറക്കുന്നതിനിടെയാണ് മോശം കാലാവസ്ഥയെ തുടര്‍ന്നാണ് എം-17 ഹെലികോപ്റ്റര്‍ തകര്‍ന്നത്.
പാക്കധീന കശ്മീരില്‍ ഒമ്പത് പേരും വടക്കന്‍ ജില്‍ജിത്- ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ അഞ്ച് പേരും മരിച്ചതായി അധികൃതര്‍ അറിയിച്ചു.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഓഗസ്റ്റ് 21 വരെ കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. ഇവിടെ നിരവധി പ്രദേശങ്ങളെ ദുരന്ത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചു. ബുണറില്‍ വെള്ളപ്പൊക്കം വലിയ നാശംവിതച്ചു. അന്ത്യദിനമാണോയെന്ന് കരുതിപ്പോയെന്ന് പ്രദേശവാസി ബി ബി സിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ജമ്മു കശ്മീരിലും ഹിമാചല്‍ പ്രദേശിലും മിന്നല്‍പ്രളയമുണ്ടായിരുന്നു.