ഇറാനിൽ നിന്ന് വധഭീഷണി; ട്രംപിന്റെ യാത്രയിൽ സുരക്ഷാ നീക്കമെന്ന് റിപ്പോർട്ട്
ഇറാനിൽ നിന്നുള്ള വധഭീഷണിയെ തുടർന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യാത്രയിൽ അതീവ രഹസ്യമായ സുരക്ഷാ നീക്കം നടന്നതായി റിപ്പോർട്ട്. വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് കഴിഞ്ഞ മാസം തുർക്കിയിൽ നിന്ന് ബ്രിട്ടനിലേക്കുള്ള ട്രംപിന്റെ യാത്രയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പുറത്തുവന്നത്.
തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം മടങ്ങവെ, ട്രംപ് പഴയ എയർഫോഴ്സ് വൺ വിമാനത്തിലാണ് കയറിയതെന്ന് ലോകത്തെ വിശ്വസിപ്പിച്ചുകൊണ്ട് അധികൃതർ അദ്ദേഹത്തെ രഹസ്യമായി മറ്റൊരു ചെറിയ വിമാനത്തിലേക്ക് (C-32A) മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിമാനത്തിന്റെ ഒരുവശത്തുകൂടി ട്രംപും മാധ്യമപ്രവർത്തകരും കയറുമ്പോൾ, മറുവശത്ത് കേറ്ററിങ് ട്രക്ക് ഉപയോഗിച്ചാണ് പ്രസിഡന്റിനെ രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റിയത്. മാധ്യമപ്രവർത്തകരും ചില വൈറ്റ് ഹൗസ് ജീവനക്കാരും ട്രംപ് തങ്ങൾക്കൊപ്പമുണ്ടെന്ന് വിശ്വസിച്ച് പഴയ വിമാനത്തിൽ തന്നെ യാത്ര തുടർന്നു.
യു.എസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായതും, അമേരിക്കൻ സൈനിക നടപടികൾക്ക് ശേഷം ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗം ട്രംപിനെ ലക്ഷ്യമിട്ട് വധഭീഷണി മുഴക്കിയതുമാണ് ഇത്തരത്തിലുള്ള ഒരു അതീവ രഹസ്യ സുരക്ഷാ ഓപ്പറേഷന് കാരണമായത്. യാത്രയുടെ സുരക്ഷ മുൻനിർത്തിയാണ് വൈറ്റ് ഹൗസ് ഈ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചത്. പിന്നീട് ബ്രിട്ടനിൽ എത്തിയ ശേഷമാണ് ട്രംപ് യഥാർത്ഥ വിമാനത്തിൽ വാഷിംഗ്ടണിലേക്ക് മടങ്ങിയത്.