വധശിക്ഷ മനുഷ്യന്റെ അന്തസ്സിനുമേലുള്ള കടന്നുകയറ്റം: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്നും കത്തോലിക്കാ സഭ ഇതിനെ തള്ളിക്കളയുന്നുവെന്നും ലെയോ പതിനാലാമന്‍ പാപ്പ. ആഗോള വധശിക്ഷ വിരുദ്ധ ദിനമായ ഇന്നലെ ഒക്ടോബര്‍ പത്താം തീയതി തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് പാപ്പ സന്ദേശം പങ്കുവെച്ചത്.
കുറ്റവാളികളെ തടങ്കലില്‍ പാര്‍പ്പിച്ചുകൊണ്ട് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും, അതേസമയം കുറ്റക്കാര്‍ക്ക് മാനസാന്തരപ്പെടാനുള്ള അവസരം നല്‍കാനും സാധിക്കുന്ന കാര്യക്ഷമമായ ശിക്ഷാ രീതികള്‍ ഇന്ന് നിലവിലുണ്ടെന്ന് പാപ്പ സന്ദേശത്തില്‍ കുറിച്ചു.
'വധശിക്ഷ സ്വീകാര്യമല്ല; കാരണം അത് വ്യക്തിയുടെ അലംഘനീയതയ്ക്കും അന്തസ്സിനും നേരെയുള്ള ആക്രമണമാണ്. വധശിക്ഷ നടപ്പാക്കാതെ തന്നെ പൊതുനന്മ സംരക്ഷിക്കാനും നീതി ഉറപ്പാക്കാനും സാധിക്കും.
പൗരന്മാര്‍ക്ക് സുരക്ഷ ഉറപ്പുനല്‍കുന്നതിനൊപ്പം കുറ്റവാളികള്‍ക്ക് മാനസാന്തരത്തിനും ജീവിതത്തിലേക്ക് മടങ്ങിവരാനുമുള്ള അവസരം പൂര്‍ണ്ണമായി നിഷേധിക്കാത്ത തരത്തിലുള്ള കാര്യക്ഷമമായ തടങ്കല്‍ സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്.' #NoDeathPenalty എന്ന ഹാഷ് ടാഗോടെയാണ് പാപ്പയുടെ സന്ദേശം.
ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു കത്തോലിക്ക സഭ 2018-ല്‍ പ്രഖ്യാപിച്ചിരിന്നു. ചില സാഹചര്യങ്ങളില്‍ വധശിക്ഷ അനുവദനീയമാണെന്നുള്ള പ്രബോധനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മാറ്റം വരുത്തുകയായിരിന്നു. 2267-ാം മതബോധനത്തിലാണ് അന്നു മാറ്റംവരുത്തിയത്.
കുറ്റവാളിയുടെ അനന്യതയും ഉത്തരവാദിത്വവും പൂര്‍ണ്ണമായും നിര്‍ണയിച്ചു കഴിഞ്ഞാല്‍ മനുഷ്യജീവിതങ്ങളെ അന്യായ അക്രമിയില്‍ നിന്ന് ഫലപ്രദമായി സംരക്ഷിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗമാണ് അതെങ്കില്‍ വധശിക്ഷ നടപ്പിലാക്കുന്നത് സഭയുടെ പരമ്പരാഗത പഠനം തടയുന്നില്ലായെന്നാണ് സിസിസി 2267ചൂണ്ടിക്കാട്ടിയിരിന്നത്.
ഇതിന് പകരമായാണ് വധശിക്ഷ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലായെന്ന് എഴുതിചേര്‍ത്തത്. വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണു സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വധശിക്ഷയെ കാണുന്നതെന്ന് തിരുത്തിയ പ്രബോധനത്തില്‍ വ്യക്തമാക്കിയിരിന്നു.