പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം: ആശുപത്രിക്ക് സംഭവിച്ചത് ഗുരുതര പിഴവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കണ്ണൂര്‍: പയ്യന്നൂരില്‍ ചികിത്സാ പിഴവ് കാരണം ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സംഭവിച്ചത് ഗുരുതര പിഴവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
അനസ്തേഷ്യ നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ല. നേരിയ മുറിവ് മാത്രമാണ് കുഞ്ഞിന്റെ ചുണ്ടില്‍ ഉണ്ടായിരുന്നത്. മൂന്ന് ദിവസം കൊണ്ട് ആ മുറിവ് ഉണങ്ങിയിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അനസ്‌തേഷ്യക്ക് പിന്നാലെ തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒന്നര വയസുകാരന്‍ ദേവാന്‍ഷ് ശൗര്യയാണ് ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ചത്. അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ 10 മിനിറ്റിനകം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു. തുടര്‍ന്ന് ബോധരഹിതനായ കുഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമാണ് മരിച്ചത്.
സംഭവത്തില്‍ അനസ്തേഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെ കേസെടുത്തിരുന്നു. അതിനിടെ അന്വേഷണസംഘം ഡോ. അഞ്ജലി പൊതുവാളിന്റെ മൊഴിയെടുത്തു. ചികിത്സാ പിഴവിനെ തുടര്‍ന്ന് കുട്ടി മരിച്ച കേസില്‍ ഇവര്‍ മാത്രമാണ് പ്രതി.
അനസ്തേഷ്യ അനിവാര്യമായിരുന്നു എന്നാണ് അഞ്ജലി പൊതുവാള്‍ മൊഴി നല്‍കിയത്. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ഡോ.അഞ്ജലി പറഞ്ഞു. പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. മൊഴി രേഖപ്പെടുത്തിയ ശേഷം ഡോക്ടറെ വിട്ടയച്ചു.