കടലൂരിലെ ഒമ്പത് വയസ്സുകാരിയുടെ മരണം കവാസാക്കി മൂലം
കോഴിക്കോട് ജില്ലയില്‍ കുട്ടികളില്‍ വരുന്ന അപൂര്‍വ രോഗമായ കവാസാക്കി റിപ്പോര്‍ട്ട് ചെയ്തു. കടലൂരിലെ ഒമ്പത് വയസ്സുകാരിയുടെ മരണം കവാസാക്കി മൂലമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍. പകര്‍ച്ചവ്യാധി അല്ലെന്നും ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ച ഉടനെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. കുട്ടിയുടെ രോഗലക്ഷണങ്ങള്‍ കവാസാക്കിയുടേത് എന്ന് കണ്ടെത്തിയതിന് പിന്നാലെ ചികിത്സയും നല്‍കി.
എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കടലൂര്‍ സ്വദേശിനിയായ 9 വയസ്സുകാരി ആയിഷ ഹെല്‍നയാണ് മരിച്ചത്. രോഗം പകരില്ലെന്നും ആശങ്ക വേണ്ടെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് മുന്നറിയിപ്പുകള്‍ നല്‍കേണ്ട ആവശ്യവുമില്ല.
എന്നാല്‍ കുട്ടികളില്‍ അഞ്ചുദിവസത്തിലധികം നീളുന്ന പനി ഉണ്ടെങ്കില്‍ ശ്രദ്ധ വേണം. പനി, ജലദോഷം, വയറിളക്കം എന്നിവയ്ക്ക് പുറമേ നാക്കും, കണ്ണും ചുവന്നുപോകുന്ന അവസ്ഥ, കഴുത്തുവീക്കം, ശരീരത്തിലെ നീര്‍ക്കെട്ട് എന്നിവയാണ് ലക്ഷണങ്ങള്‍.
രക്ത പരിശോധനയിലൂടെയോ, ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റുകളിലൂടെയോ രോഗം കണ്ടുപിടിക്കാന്‍ കഴിയില്ല. രോഗലക്ഷണങ്ങള്‍ മനസ്സിലാക്കി മാത്രമേ രോഗം കണ്ടെത്താന്‍ കഴിയൂ. പനി മൂര്‍ച്ഛിച്ച് ഹൃദയധമനികളുടെ പ്രവര്‍ത്തനം നിലച്ച് പൊട്ടിപ്പോകുന്നതാണ് കവാസാക്കിയുടെ അപകടാവസ്ഥയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
അതേസമയം, കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന് ഷിഗെല്ല സ്ഥിരീകരിച്ചു. രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്നും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം നിരീക്ഷണത്തിലാണ്.