നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
സിസേറിയന് പിന്നാലെ ആയിരുന്നു കുഞ്ഞ് മരിച്ചത്. ഡോ. ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഉത്തരവാദിയായ ഡോക്ടർക്കെതിരെ കേസെടുക്കണമെന്ന് പൊതുപ്രവർത്തകനായ സൈതലി കായ്പ്പാടി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം ഡോക്ടറെ സ്ഥലം മാറ്റുകയും നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. പിന്നാലെ ആയിരുന്നു സസ്പെൻഷൻ. ചികിത്സാ പിഴവ് ആരോപണത്തിന് പുറമേ കൈക്കൂലി വാങ്ങിയതായുള്ള ആരോപണവും ഇവർക്കെതിരെ ഉയർന്നിരുന്നു.
പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞാണ് പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ചത്. ചികിത്സാ പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.