മലേഷ്യന്‍ എഞ്ചിനീയറുടെ മരണം; ഗ്യാനേഷ് കുമാറിനെതിരായ പുനരന്വേഷണം മങ്ങുന്നു, വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നാണ് കണ്ടെത്തല്‍
തിരുവനന്തപുരം: മലേഷ്യന്‍ എഞ്ചിനീയറുടെ മരണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പുനരന്വേഷണം മങ്ങുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നാണ് കണ്ടെത്തല്‍. നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് 2006ലെ അന്വേഷണം അവസാനിപ്പിച്ചതെന്നും വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായാല്‍ മാത്രമേ അന്വേഷണത്തിന് സാധ്യതയുള്ളുവെന്നാണ് വിലയിരുത്തല്‍. ഗ്യാനേഷിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പുതിയ പരാതിയും റിപ്പോര്‍ട്ടിനൊപ്പം കൈമാറിയിട്ടുണ്ട്.
മലേഷ്യന്‍ എഞ്ചിനീയറായ ലീസീ ബീനിന്റെ മരണത്തെ തുടര്‍ന്നാണ് ഗ്യാനേഷിനെതിരെ 2006ല്‍ അന്വേഷണം നടന്നത്. കെഎസ്ടിപി പദ്ധതിയിലെ അഴിമതി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഗ്യാനേഷ് കുമാറിനും വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തിനുമെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം രൂപപ്പെട്ടതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
ദേശീയതലത്തില്‍ തന്നെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന അന്വേഷണത്തിനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിരുന്നത്. തുടര്‍ന്ന് വിജിലന്‍സിന്റെ തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് കെഎസ്ടിപി കരാറുമായി ബന്ധപ്പെട്ട കേസ് ഡയറിയും ഫയലുകളും മറ്റ് അനുബന്ധ രേഖകളും കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെ നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.