പേരാമ്പ്രയിലെ കവിതയുടെ മരണം; ജപ്തി നടപടികള്‍ നിര്‍ത്തിവെക്കും,എംഎല്‍എമാരും രാഷ്ട്രീയ പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം
 

 
kavitha 1


 

വടകര: പേരാമ്പ്രയില്‍ ജീവനൊടുക്കിയ കവിതയുടെ വീട് ജപ്തി ചെയ്യുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിര്‍ത്തിവെക്കും. ബാക്കി വായ്പാ തുക എഴുതി തള്ളാന്‍ അധികൃതരോട് ആവശ്യപ്പെടുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു. എംഎല്‍എമാരും രാഷ്ട്രീയ പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഡയറക്ടര്‍ ബോര്‍ഡിനെ വിഷയം ധരിപ്പിക്കുമെന്നും ഹെഡ് ഓഫീസില്‍ നിന്നുള്ള തീരുമാനം ഡിസംബര്‍ 15ന് മുമ്പായി അറിയിക്കുമെന്നും ബ്രാഞ്ച് മാനേജര്‍ ഉറപ്പുനല്‍കി. എന്നാല്‍ ചര്‍ച്ചക്ക് ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്ന് ആരും എത്താതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഫാത്തിമ തഹ്ലിയ അടക്കമുള്ള എംഎല്‍എമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സമരം അവസാനിപ്പിക്കുകയാണെന്നും കവിതയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയെന്നും നാല് മണിക്ക് സംസ്‌കാരം നടക്കുമെന്നും എംഎല്‍എമാര്‍ അറിയിച്ചു. വീട്ടമ്മയുടെ മൃതദേഹവുമായി കുടുംബവും നാട്ടുകാരും ഇന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധിച്ചത്.

കൂത്താളി സ്വദേശി ബാബുവിന്റെ ഭാര്യ കവിതയെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തി നടപടികള്‍ക്കായി എത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജപ്തി ഒഴിവാക്കാന്‍ ചുരുങ്ങിയ ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും ബാങ്ക് അധികൃതര്‍ വഴങ്ങിയില്ലെന്നും ഈ മനോവിഷമത്തില്‍ കവിത ജീവനൊടുക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

കഴിഞ്ഞ ദിവസം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം കവിതയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. 2018ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നടുവണ്ണൂര്‍ ശാഖയില്‍ നിന്ന് ഭവനനിര്‍മാണ ആവശ്യത്തിനായാണ് കവിതയും ഭര്‍ത്താവ് ബാബുവും വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ തിരിച്ചടവ് 50 ലക്ഷം രൂപയായി ഉയര്‍ന്നു.
നവംബര്‍ 13ന് രാവിലെ 11 മണിയോടെ ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതര്‍ കൂത്താളിയിലെ വീട്ടിലേക്ക് എത്തുകയായിരുന്നു. ഈ നടപടി പുരോഗമിക്കുന്നതിനിടെയാണ് വീടിന് പുറകിലെ പഴയ വീട്ടില്‍ കവിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Tags

Share this story

From Around the Web