ചാവക്കാട്ടെ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഉത്തരവ്
തൃശൂര്‍: ചാവക്കാട്ട് നാലുദിവസം പ്രായമുള്ളപ്പോള്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവിട്ടു. തൃശൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആണ് ഇതുസംബന്ധിച്ച് അനുമതി നല്‍കിയത്.
ചാവക്കാട് സ്വദേശികളായ ഇബ്രാഹിം മുഹ്‌സിന ദമ്പതികളുടെ കുഞ്ഞാണ് 2021 ജനുവരി 10-ന് മരണപ്പെട്ടത്. അന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കൂടാതെയായിരുന്നു മൃതദേഹം മറവ് ചെയ്തിരുന്നത്.
എന്നാല്‍, ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 2026 മാര്‍ച്ച് 20-ന് മുഹ്‌സിന മരണപ്പെടുകയും ഇതിനുപിന്നാലെ ഭര്‍ത്താവിനെതിരെ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഭര്‍ത്താവ് മതിയായ ചികിത്സ നല്‍കാത്തതാണ് മുഹ്‌സിനയുടെ മരണത്തിന് കാരണമായതെന്നായിരുന്നു കുടുംബത്തിന്റെ പരാതി.
ഈ കേസില്‍ അന്വേഷണം പുരോഗമിക്കവേയാണ്, കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് സബ് ഇന്‍സ്‌പെക്ടര്‍ കോടതിയെ സമീപിച്ചത്.