കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ വയോധികയുടെ മരണം; ചികിത്സാപിഴവ് പരാതിയില്‍ അന്വേഷണത്തിന് ഡിഎംഒയുടെ നിര്‍ദേശം,ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി
മഞ്ചേശ്വരം: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ വയോധിക മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡിഎംഒ). ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലാകും അന്വേഷണം നടത്തുക.
സംഭവത്തില്‍ ചികിത്സാപിഴവ് ഉണ്ടായെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ശസ്ത്രക്രിയക്കിടെ മരണം സംഭവിച്ച വിവരം ഡോക്ടര്‍മാര്‍ മറച്ചുവെച്ചെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം.
അതേസമയം, ശസ്ത്രക്രിയക്ക് ശേഷമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ ഇന്നലെ ഡിഎംഒയ്ക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ചീമേനി ചെമ്പ്രകാനം സ്വദേശി വി.വി മാധവി(72)യെയാണ് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തുകൊണ്ടുവന്നപ്പോഴേക്കും മരിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
ശസ്ത്രക്രിയയ്ക്കുശേഷം മണിക്കൂറുകള്‍ പിന്നിട്ടിട്ടും മരണവിവരം തങ്ങളെ അറിയിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. മാധവിക്ക് പിന്നാലെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച പത്തിലധികം രോഗികളെ അവരുടെ ബന്ധുക്കളെ കാണിച്ചരുന്നെങ്കിലും മാധവിയെ കാണിക്കാന്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.
ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവാണ് മരണകാരണമെന്നും ഇവര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധവും നടന്നിരുന്നു.