സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം; 72കാരന്‍ മരിച്ചത് കോഴിക്കോട്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദന്‍ ആണ് മരിച്ചത്.
72 വയസായിരുന്നു. ഛര്‍ദിയെ തുടര്‍ന്ന് ഒരാഴ്ചയായി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇതിനിടെ ആണ് പരിശോധന നടത്തുന്നത്. സച്ചിദാനന്ദന്‍ മരിച്ചതിനെ തുടര്‍ന്ന് ഇയാളുടെ വീട്ടിലെ കിണറ്റിലെ വെള്ളം രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
നമ്മുടെ മസ്തിഷ്‌കത്തെ ബാധിക്കുന്ന നീര്‍ക്കെട്ടിനെ എന്‍സെഫലൈറ്റിസ് എന്നും മസ്തിഷ്‌കത്തിന്റെ മൂന്ന് ആവരണങ്ങളായ ഡ്യൂറ, അരാക്കിനോയിഡ്, പയ എന്നിവിടങ്ങളിലെ നീര്‍ക്കെട്ടിനെ മെനിഞ്ചൈറ്റിസ് എന്നും വിളിക്കുന്നു.
ഇന്‍ഫെക്ഷന്‍സ് ആണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം. അതില്‍ത്തന്നെ, കൂടുതല്‍ രോഗങ്ങളും ബാക്ടീരിയകളും വൈറസുകളുമാണ് ഉണ്ടാക്കുന്നത്.
വൈറസുകള്‍ കാരണം ഉണ്ടാകുന്ന തരം മെനിഞ്ചൈറ്റിസില്‍ പോളിയോ, മമ്പ്‌സ്, ജപ്പാന്‍ ജ്വരം എന്നിവയും കുത്തിവെപ്പിലൂടെ ഒരു വിധം നിയന്ത്രണ വിധേയമായിട്ടുണ്ട്. എങ്കിലും നിപ്പ, ഹെര്‍പ്പിസ്, എന്ററോവൈറസ്, വെസ്റ്റ് നൈല്‍ തുടങ്ങി അനേകം വൈറസുകള്‍ തടയാന്‍ നമ്മുക്ക് വാക്‌സിനുകള്‍ ലഭ്യമല്ല.