ഉച്ചഭക്ഷണത്തില്‍ ചത്ത തേള്‍. നൂറിലധികം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു
ബീഹാര്‍: ബീഹാറിലെ സുപോള്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തില്‍ ചത്ത തേളിനെ കണ്ടെത്തി.
ഭക്ഷണം കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ത്രിവേണീഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാര്‍ഡ് 10ലുള്ള മിര്‍ജാവ മിഡില്‍ സ്‌കൂളിലാണ് സംഭവം.
ഉച്ചഭക്ഷണമായി വിളമ്പിയ ഉരുളക്കിഴങ്ങും കടലയും ചേര്‍ത്ത കറിയില്‍ വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ചത്ത തേളിനെ കാണുകയായിരുന്നു.
എന്നാല്‍ അതിനോടകം തന്നെ നിരവധി കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നു.
കറി കൂട്ടിയ ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ തൊണ്ടയില്‍ പുകച്ചില്‍, വയറുവേദന, ഛര്‍ദ്ദി, തലകറക്കം, മറ്റ് അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടുകയായിരുന്നു. ചില കുട്ടികള്‍ക്ക് കടുത്ത തളര്‍ച്ചയും ചിലര്‍ ബോധരഹിതരാവുകയും ചെയ്തു.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളെ ഉടന്‍ തന്നെ ത്രിവേണീഗഞ്ച് സബ് ഡിവിഷനല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.