ദോശയില്‍ ചത്ത എലി': 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാന്‍ ശ്രമിച്ച യുവതി പിടിയില്‍

 
dosa

മുംബൈ: ബോറിവ്ലിയിലെ ഹോട്ടലില്‍ ദോശയില്‍ ചത്ത എലിയെ കണ്ടെത്തിയെന്ന ആരോപണത്തിന് പിന്നാലെ ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ യുവതി പോലീസ് പിടിയിലായി. ബോറിവ്ലി ഗൊരെയ് സ്വദേശിയായ മാന്‍സി അമിത് ആചാര്യ (36) എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്.

ഠീ മറ്‌ലൃശേലെ വലൃല, ഇീിമേര േഡെ
സെപ്റ്റംബര്‍ 24-നാണ് മാന്‍സി ആചാര്യ രണ്ട് പുരുഷന്മാരും ഒരു കുട്ടിയുമൊത്ത് ബോറിവ്ലിയിലെ രാധാകൃഷ്ണ ഹോട്ടലില്‍ ഭക്ഷണത്തിനായി എത്തിയത്. മൈസൂരു മസാല ദോശയാണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്. ദോശയ്ക്കുള്ളില്‍ ചെറിയൊരു ചത്ത എലിയെ കണ്ടെത്തിയതായി മാന്‍സി ആരോപിച്ചു.

ദോശ കഴിച്ച് തുടങ്ങിയശേഷം സഹോദരനാണ് ദോശയ്ക്കുള്ളില്‍ എലിയെ കണ്ടതെന്നും തുടര്‍ന്ന് ഇയാള്‍ ഛര്‍ദിച്ചതായും മാനസി പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരി ബോറിവ്ലി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്ന് സെപ്റ്റംബര്‍ 28-ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ.) ഹോട്ടലിന്റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി.

ലൈസന്‍സ് റദ്ദാക്കപ്പെട്ടതിന് പിന്നാലെ വീഡിയോ വീണ്ടും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കേസ് അവസാനിപ്പിക്കാന്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയ്ക്ക് ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി. തുടര്‍ച്ചയായ ഫോണ്‍ കോളുകള്‍ വന്നതിന് പിന്നാലെ ആറ് ലക്ഷം രൂപയ്ക്ക് കേസ് ഒത്തുതീര്‍പ്പാക്കാമെന്ന ധാരണയിലെത്തുകയായിരുന്നു. ഇതിനോടകം ഒരുലക്ഷം രൂപ നല്‍കിയതായും ഹോട്ടലുടമ പറഞ്ഞു.


പണം നല്‍കിയതിന് പിന്നാലെ സെപ്റ്റംബര്‍ 29-ന് ഹോട്ടല്‍ ഉടമ ബോറിവ്ലി പോലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് തന്ത്രപരമായി കെണിയൊരുക്കുകയായിരുന്നു. പണത്തിന്റെ ബാക്കി തുകകൂടി വാങ്ങാനായി വിളിച്ചുവരുത്തിയപ്പോള്‍ യുവതിയെ പോലീസ് കൈയോടെ പിടികൂടി.

നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ബോറിവ്ലി പോലീസ് അറിയിച്ചു.

Tags

Share this story

From Around the Web