കോര്‍ ടീം അംഗം ഡീക്കന്‍ ലൂയിസ് കുറങ്ങാട്ട് തിരുപ്പട്ടം സ്വീകരിച്ചു
ആലപ്പുഴ: ഛാന്ദ രൂപതാംഗവും പ്രവാചകശബ്ദം കോര്‍ ടീം അംഗവുമായ ഡീക്കന്‍ ലൂയിസ് (അഭിലാഷ്) കുറങ്ങാട്ട് തിരുപ്പട്ടം സ്വീകരിച്ചു. ആലപ്പുഴ കൈനടി വ്യാകുല മാത ഇടവക ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ഛാന്ദ രൂപതാധ്യക്ഷന്‍ മാര്‍ എഫ്രേം നരിക്കുളം മുഖ്യകാര്‍മ്മികനായി.
ഛാന്ദ രൂപത ചാന്‍സിലര്‍ ഫാ. വിജില്‍ പാറശ്ശേരില്‍ തിരുപ്പട്ട ശുശ്രൂഷകളില്‍ ആര്‍ച്ച് ഡീക്കനായിരിന്നു. ക്രിസ്തു ജ്യോതി കോളേജ് വൈസ് റെക്ടര്‍ ഫാ. ഷാബു തോട്ടുങ്കല്‍ സഹകാര്‍മ്മികനായി.
ഓരോ പുരോഹിതനും പരിശുദ്ധമായ സ്ഥലത്തു നില്‍ക്കേണ്ടവനും നില്‍ക്കുന്നയിടം പരിശുദ്ധമാക്കാന്‍ വിളിക്കപ്പെട്ടവനുമാണെന്ന് മാര്‍ എഫ്രേം നരിക്കുളം വചനസന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
യേശുവിനെയും തിരുസഭയെയും ദൈവജനത്തെയും സേവിക്കുവാനും സ്‌നേഹിക്കുവാനുമാണ് ഓരോ വൈദികനും വിളിക്കപ്പെടേണ്ടതെന്നും തിരുസഭയ്ക്കു നവവൈദികനെ സമ്മാനിച്ച കുറങ്ങാട്ട് കുടുംബത്തിന് നന്ദി അര്‍പ്പിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.
പ്രവാചകശബ്ദം ഒരുക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ കോര്‍ ടീം അംഗമായ ഫാ. ലൂയിസ് പരേതനായ ജോസഫ് കുറുങ്ങാട്ടിന്റെയും മേരികുട്ടിയുടെയും മകനാണ്. സഹോദരങ്ങള്‍: അല്‍ഫോണ്‍സ, കൊച്ചു ത്രേസ്യ.