11-ാം ദിനം തുരങ്കത്തില്‍ നിന്നും വെളിച്ചത്തിലേക്ക്; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തില്‍ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ തുരങ്കത്തില്‍ കുടുങ്ങിയ ഒരാളെ കൂടി രക്ഷപ്പെടുത്തി. ചൈനീസ് പൗരനെയാണ് 11 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയത്.
അപ്പര്‍ ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിനുള്ളില്‍ നിന്നാണ് ഇയാളെ പുറത്തെത്തിച്ചത്. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന ചൈനീസ് പൗരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ത്രിശൂലിയിലെ സൈനിക ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.
നേപ്പാള്‍ സൈന്യവും ദക്ഷിണ കൊറിയന്‍ ദുരന്തനിവാരണ സംഘവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് രണ്ട് പേരെ കൂടി രക്ഷപ്പെടുത്തിയിരുന്നു. ഇതോടെ തുരങ്കത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെടുത്തിയ തൊഴിലാളികളുടെ എണ്ണം മൂന്നായി.
738 അടി നീളമാണ് അപ്പര്‍ ത്രിശൂലിയിലെ ഈ തുരങ്കത്തിനുള്ളത്. തുരങ്കത്തിനുള്ളില്‍ ചിലര്‍ ഇപ്പോഴും ജീവനോടെയുണ്ടാകാമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. എന്നാല്‍ എത്രപേരുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം, രാജ്യത്തെ ദുരന്തനിവാരണ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം, പ്രളയത്തിലകപ്പെട്ട് 1,344 പേരാണ് മരിച്ചത്. ടിബറ്റ് മേഖലയില്‍ 31 മരണം സ്ഥിരീകരിച്ചു. ഉചഅ സാമ്പിള്‍ ശേഖരിച്ച ശേഷം 1,030 മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്.