ടൂറിസ്റ്റ് ബസില്‍ 'ദാവൂദ് റൈസ് ഓഫ് എ ഡോണ്‍' സ്റ്റിക്കര്‍; തടഞ്ഞ് ഹിന്ദുത്വ സംഘടനകള്‍, കേരളത്തില്‍ നിന്നുള്ള കോളജ് വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസാണ് ചിക്കമഗളൂരുവില്‍ തടഞ്ഞത്
മംഗളൂരു: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പേര് പതിപ്പിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റ് ബസ് കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തില്‍ നിന്നുള്ള കോളജ് വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസാണ് ചിക്കമഗളൂരുവില്‍ തടഞ്ഞുവെച്ചത്.
ബസിന്റെ സൈഡ് പാനലില്‍ 'ദാവൂദ്, റൈസ് ഓഫ് എ ഡോണ്‍', 'എംപറര്‍ സ്ട്രൈക്ക്സ് എഗെയ്ന്' തുടങ്ങിയ വാചകങ്ങള്‍ എഴുതിയതാണ് പ്രതിഷേധത്തിന് കാരണമായത്.
ചിക്കമഗളൂരു നഗരത്തിലെ ബോളരാമേശ്വര ക്ഷേത്രത്തിന് സമീപം ബസ് എത്തിയപ്പോഴാണ് ഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞിട്ടത്. ബസിലെ എഴുത്തുകള്‍ അധോലോക കുറ്റവാളിയായ ദാവൂദിനെ പ്രകീര്‍ത്തിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
വാഹനം തടഞ്ഞതിനെത്തുടര്‍ന്ന് ബസ് ജീവനക്കാരും ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ സ്ഥലത്ത് വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തര്‍ക്കത്തിന് കാരണമായ പേര് മറച്ചുവെച്ച ശേഷം വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സമാനമായ സംഭവം ആറ് മാസങ്ങള്‍ക്ക് മുമ്പും ഈ മേഖലയില്‍ നടന്നിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്ന് ഇതേ പേരെഴുതിയ തമിഴ്നാട്ടില്‍ നിന്നുള്ള ബസാണ് തടഞ്ഞിരുന്നത്. കുറ്റവാളികളെ മഹത്വവത്കരിക്കുന്ന തരത്തിലുള്ള ഇത്തരം എഴുത്തുകള്‍ അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം.