മകന്റെ മരണത്തിനും തീരാരോഗങ്ങള്‍ക്കും കാരണം മരുമകളുടെ 'മന്ത്രവാദം'. 42-കാരിയെ കോടാലികൊണ്ട് തലയ്ക്കടിച്ച് ഭര്‍തൃപിതാവിന്റെ കൊടുംക്രൂരത
 

 
police

മുംബൈ: മകന്റെ മരണത്തിനും തന്റെ തീരാരോഗങ്ങൾക്കും കാരണം മരുമകളുടെ 'മന്ത്രവാദ'മാണെന്ന് ആരോപിച്ച് 42-കാരിയായ മരുമകളെ 72-കാരനായ ഭർതൃപിതാവ് കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. 

മഹാരാഷ്ട്രയിലെ നാഗ്‌പുർ യശോധര നഗറിലാണ് നാടിനെ നടുക്കിയ ഈ അരുംകൊല അരങ്ങേറിയത്. യശോധര നഗർ സ്വദേശിയായ ലക്ഷ്മി രവിശങ്കർ പാലി (42) ആണ് സംഭവസ്ഥലത്തുതന്നെ ദാരുണമായി കൊല്ലപ്പെട്ടത്. 

കൃത്യം നടത്തിയ ശേഷം വീടിന് പിന്നിലെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർതൃപിതാവ് നഥൂലാൽ പാലിയെ (72) പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഇയാൾ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് കാവലിൽ ചികിത്സയിലാണ്.

ശനിയാഴ്ച വീടിന്റെ പരിസരത്ത് ലക്ഷ്മി വസ്ത്രം കഴുകിക്കൊണ്ടിരുന്ന സമയത്താണ് നഥൂലാലുമായി രൂക്ഷമായ തർക്കമുണ്ടാകുന്നത്. വാക്കേറ്റം അതിരുവിട്ടതോടെ അനിയന്ത്രിതമായ ക്രോധത്തിൽ നഥൂലാൽ വീട്ടിലുണ്ടായിരുന്ന മൂർച്ചയേറിയ കോടാലിയെടുത്ത് ലക്ഷ്മിയുടെ തലയ്ക്ക് ആഞ്ഞുവെട്ടുകയായിരുന്നു. തലയോട്ടി തകർന്ന് രക്തം വാർന്ന ലക്ഷ്മി നിമിഷങ്ങൾക്കകം നിലത്തുവീണ് മരിച്ചു.

പ്രായാധിക്യത്താൽ നിരന്തരം രോഗബാധിതനായിരുന്ന നഥൂലാലിന് മരുമകൾക്കെതിരെ കടുത്ത പകയും അന്ധവിശ്വാസവുമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തനിക്ക് പിടിപെട്ട മാറാരോഗങ്ങൾക്ക് കാരണം മരുമകൾ തനിക്കെതിരെ പ്രയോഗിച്ച മന്ത്രവാദമാണെന്ന് ഇയാൾ അടിയുറച്ച് വിശ്വസിച്ചിരുന്നു. 

ഇതിനുപുറമെ, മൂന്ന് വർഷങ്ങൾക്ക് മുൻപ് സ്വന്തം മകൻ (ലക്ഷ്മിയുടെ ഭർത്താവ്) അകാലത്തിൽ മരണപ്പെട്ടതിന് പിന്നിലും മരുമകളുടെ കൂടോത്രമാണെന്ന് ഇയാൾ നിരന്തരം ആരോപിച്ചിരുന്നു. ഇതിനെച്ചൊല്ലി മാസങ്ങളായി വീട്ടിൽ കടുത്ത കുടുംബവഴക്കുകൾ പതിവായിരുന്നു.

ഭർത്താവിന്റെ മരണശേഷം ലക്ഷ്മി തന്റെ രണ്ട് മക്കളോടൊപ്പം ഇതേ വീടിന്റെ മറ്റൊരു മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്. സ്വന്തം ഭാര്യയുമായും കുടുംബവുമായും അകൽച്ചയിലായിരുന്ന നഥൂലാൽ കടുത്ത മാനസിക വിഭ്രാന്തിയിലായിരുന്നുവെന്നാണ് വിവരം.

നഥൂലാൽ കിണറ്റിൽ ചാടിയ വിവരമറിഞ്ഞ് യശോധര നഗർ പോലീസ് ഇൻസ്പെക്ടർ യൂനുസ് ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള സംഘവും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് ഇയാളെ അതിസാഹസികമായി കിണറ്റിൽനിന്ന് പുറത്തെടുത്തത്. തുടർന്ന് വീട്ടുപരിസരം പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന ലക്ഷ്മിയുടെ മൃതദേഹം പോലീസ് കണ്ടെത്തുന്നത്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ് ലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ആശുപത്രി വിടുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികളിലേക്ക് കടക്കുമെന്നും യശോധര നഗർ പോലീസ് വ്യക്തമാക്കി.

Tags

Share this story

From Around the Web