ഡേറ്റിങ് ആപ്പ് വഴി പരിചയം, പബില്‍ വെച്ച് വന്‍ തട്ടിപ്പ്; സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ക്ക് നഷ്ടപ്പെട്ടത് മുപ്പതിനായിരം രൂപ

 
dating app


ഡേറ്റിങ്ങിന് എത്തുന്ന വ്യക്തികളെ പൂര്‍ണ്ണമായി മനസ്സിലാക്കി മാത്രം മുന്നോട്ട് പോകണമെന്ന് മുന്നറിയിപ്പ് നല്‍കുന്ന മറ്റൊരു ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് വാര്‍ത്തയാണ് ഇപ്പോള്‍ ഹൈദരാബാദില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്.

ചെറുകു ഹേമന്ത് എന്ന ഇരുപത്തിയേഴുകാരനായ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ് ഡേറ്റിങ് ആപ്പ് വഴി പുതിയ തട്ടിപ്പിന് ഇരയായത്. 'ക്വാക്ക് ക്വാക്ക്' എന്ന ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ദിവ്യ എന്ന യുവതിയുമായി ഡേറ്റിങ്ങിന് പോയതായിരുന്നു ഹേമന്ത്. ഈ ഡേറ്റിങ്ങിനിടയില്‍ ഹേമന്തിന് നഷ്ടപ്പെട്ടത് മുപ്പതിനായിരത്തോളം രൂപയാണ്.


ജൂബിലി ഹില്‍സിന് സമീപമുള്ള നീരൂസ് ജങ്ഷനില്‍ വെച്ച് കാണാമെന്നാണ് യുവതി ഹേമന്തിനോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പ്രദേശത്തെ '36 കെമിസ്ട്രി പബ്ബ്' എന്ന സ്ഥാപനത്തിലേക്ക് പോവുകയായിരുന്നു. പബ്ബിലെത്തിയ ഉടന്‍ തന്നെ യുവതി വിലകൂടിയ മദ്യവും മറ്റ് ഡ്രിങ്കുകളും യാതൊരു മടിയുമില്ലാതെ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ അവിശ്വസനീയമായ വലിയ തുകയടങ്ങിയ ബില്‍ കണ്ട് ഞെട്ടിപ്പോയ ഹേമന്ത്, മുഴുവന്‍ പണവും നല്‍കാനാകില്ല എന്ന് വ്യക്തമാക്കി. ഇതോടെ പ്രശ്‌നം വഷളാകുകയും, പബ്ബിലെ ബൗണ്‍സര്‍മാരും ജീവനക്കാരും ചേര്‍ന്ന് ഹേമന്തിനെ തടഞ്ഞുവെക്കുകയും ചെയ്തു.

ഈ ബഹളങ്ങള്‍ക്കിടയില്‍ ദിവ്യ എന്ന യുവതി തന്ത്രപരമായി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. താന്‍ പതിനായിരം രൂപ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞാണ് യുവതി സ്ഥലംവിട്ടതെങ്കിലും, ആ പണമിടപാട് വ്യാജ ട്രാന്‍സാക്ഷന്‍ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒടുവില്‍ ഗത്യന്തരമില്ലാതെ ഹേമന്ത് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കരുതിക്കൂട്ടി പണം തട്ടിയെടുക്കാനായി പബ്ബ് മാനേജ്മെന്റും യുവതിയും ചേര്‍ന്ന് നടത്തിയ നാടകമായിരുന്നു ഇതെന്നാണ് ഹേമന്തിന്റെ പ്രധാന പരാതി.

സംഭവത്തില്‍ ഹൈദരാബാദ് പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കൈമാറിയതിന്റെ ഡിജിറ്റല്‍ രേഖകളും പബ്ബിലെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Tags

Share this story

From Around the Web