DARE to LEAD 2026: നേതൃത്വ മികവിനും ആത്മീയ വളർച്ചയ്ക്കും വഴിതെളിച്ച് റീജണൽ ക്യാമ്പ്
സി.എസ്.ഐ കേരള റീജണൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “DARE to LEAD 2026” ലീഡേഴ്സ് ക്യാമ്പ് 2026 മെയ് 29, 30 തീയതികളിൽ സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയിലെ മേലുകാവ് മറ്റം H.R.D.T. സെന്ററിൽ അനുഗ്രഹപൂർവ്വം നടത്തപ്പെട്ടു.
റീജണൽ ചെയർമാനായ റൈറ്റ് റവ. കുര്യൻ പീറ്റർ പതാക ഉയർത്തി ക്യാമ്പിന് ഔപചാരിക തുടക്കം കുറിച്ചു. വൈവിധ്യമാർന്ന വിഷയങ്ങളെ ആസ്പദമാക്കി ക്രമീകരിച്ച ക്ലാസുകളും സംവാദങ്ങളും ക്യാമ്പിനെ വിജ്ഞാനപ്രദവും പ്രചോദനാത്മകവുമാക്കി. സി.എസ്.ഐ സഭയുടെ ഡെപ്യൂട്ടി മോഡറേറ്ററായ റൈറ്റ് റവ. വി. എസ്. ഫ്രാൻസിസ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലെ സി.എസ്.ഐ സഭയുടെ അഞ്ച് മഹായിടവകകളിൽ നിന്നുള്ള യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഏകദേശം 90 യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.
പ്രമുഖ സൈക്കോളജിസ്റ്റായ ഷാൾ സോമൻ, റവ. ഡോ. ബിനോയ് പി. ജേക്കബ്, ദക്ഷിണ കേരള മഹായിടവക അദ്ധ്യക്ഷനായ റൈറ്റ് റവ. ഡോ. പ്രിൻസ്റ്റൺ ബെൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. കൂടാതെ, ആറു മഹായിടവകകളിലെ ബിഷപ്പുമാരുടെ സാന്നിധ്യം ക്യാമ്പിന് പ്രത്യേക ഉണർവും ആത്മീയ പ്രചോദനവും പകർന്നു.
റീജണൽ യുവജന പ്രസ്ഥാനം ചെയർമാൻ റൈറ്റ് റവ. കുര്യൻ പീറ്റർ, വൈസ് ചെയർമാൻ അലക്സ് പീറ്റർ, ജനറൽ സെക്രട്ടറി റവ. ലിനോ എസ്. ജോൺ, ജോയിന്റ് സെക്രട്ടറി സ്നേഹ സോളമൻ, ട്രഷറർ എബിൻ, എക്സിക്യൂട്ടീവ് മെമ്പർ ജെയ്സൺ ഡേവിഡ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
നേതൃത്വപാടവം, ആത്മീയ വളർച്ച, വ്യക്തിത്വ വികസനം, സഭാ പ്രതിബദ്ധത എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച “DARE to LEAD 2026” യുവജന നേതൃപരിശീലന ക്യാമ്പ് പങ്കെടുത്ത യുവജനങ്ങൾക്ക് സമ്പന്നമായ അനുഭവവും ഭാവി നേതൃത്വത്തിനുള്ള ശക്തമായ പ്രചോദനവും സമ്മാനിച്ചുകൊണ്ട് വിജയകരമായി സമാപിച്ചു.