അച്ഛാ ഞങ്ങള്‍ മരിച്ചുപോകും; ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞു കൂട്ടികൊണ്ടുപോയി, രണ്ട് മക്കളെ പിതാവ് കനാലിലെറിഞ്ഞു

 
visa thattippu


 
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ അഞ്ചും ഏഴും വയസുള്ള രണ്ട് ആണ്‍മക്കളെ പിതാവ് കനാലിലേക്ക് എറിഞ്ഞതായി പരാതി. ഛത്രപതി സംഭാജിനഗറിലെ പൈത്തണ്‍ പട്ടണത്തിലാണ് തിങ്കളാഴ്ച വൈകുന്നേരം സംഭവമുണ്ടായത്.

ഏഴ് വയസുകാരനായ ആര്യന്‍, അഞ്ച് വയസുകാരനായ ശ്യാം എന്നിവരെയാണ് പിതാവായ സോമനാഥ് ദാമോദര്‍ റോഡ്‌ഗെ (40) കനാലിലേക്ക് എറിഞ്ഞത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം ചോക്ലേറ്റും വടാ പാവും വാങ്ങിനല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സോമനാഥ് കുട്ടികളെ തന്റെ സ്‌കൂട്ടറില്‍ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. കനാലിന് സമീപമെത്തിയ ശേഷം ഇയാള്‍ കുട്ടികളെ വെള്ളത്തിലേക്ക് എറിയാന്‍ ഒരുങ്ങുകയായിരുന്നു.


'അച്ഛാ... ഞങ്ങള്‍ മരിച്ചുപോകും, ദയവായി ഇത് ചെയ്യരുത്' എന്ന് കുട്ടികള്‍ കരഞ്ഞുകൊണ്ട് അപേക്ഷിച്ചതായും എന്നാല്‍ പിതാവ് ഇത് വകവെക്കാതെ അവരെ കനാലിലേക്ക് എറിയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


സംഭവം കണ്ട് തടയാനെത്തിയ പ്രദേശത്തെ കര്‍ഷകര്‍ക്ക് നേരെ സോമനാഥ് കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് കര്‍ഷകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പാച്ചോഡ് പൊലീസ് അറിയിച്ചു.

കനാലില്‍ വീണ കുട്ടികളെ കണ്ടെത്തുന്നതിനായി പൊലീസും മുങ്ങല്‍ വിദഗ്ധരും സംയുക്തമായി തിങ്കളാഴ്ച രാത്രി മുതല്‍ തിരച്ചില്‍ നടത്തുകയാണ്. കുട്ടികളെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

Tags

Share this story

From Around the Web