ചെക്കോസ്ലോവാക്യൻ ഭരണകൂടം തടവിലാക്കിയ ആർച്ച്ബിഷപ്പ് മാറ്റോച്ചയെ കുറ്റവിമുക്തനാക്കി കോടതി

 
2333

കമ്മ്യൂണിസ്റ്റ് ഭരണകൂടം പീഡിപ്പിച്ച ആർച്ച്ബിഷപ്പ് ജോസഫ് കരേൽ മാറ്റോച്ചയ്ക്ക് ആറ് പതിറ്റാണ്ടുകൾക്കുശേഷം നീതി ലഭിച്ചു. ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് മാറ്റോച്ചയെ നിയമവിരുദ്ധമായി തടവിലിട്ട നടപടിയെ ചെക്ക് റിപ്പബ്ലിക്കിലെ ഒലോമോക് ജില്ലാ കോടതി ഔദ്യോഗികമായി തിരുത്തുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

​1948 – ൽ പയസ് പന്ത്രണ്ടാമൻ മാർപാപ്പയാണ് മാറ്റോച്ചയെ ഒലോമോക് ആർച്ച്ബിഷപ്പായി നിയമിച്ചത്. എന്നാൽ 1950 – ൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ ആർച്ച്ബിഷപ്പ് ഹൗസിൽ കടുത്ത സുരക്ഷാ നിരീക്ഷണത്തിൽ വീട്ടുതടങ്കലിലാക്കി. ഔദ്യോഗികമായി കുറ്റങ്ങളൊന്നും ചുമത്താതെയായിരുന്നു ഈ പീഡനം. പത്രങ്ങൾ വായിക്കാനോ റേഡിയോ കേൾക്കാനോ അദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നില്ല. കടുത്ത ഒറ്റപ്പെടലിനൊടുവിൽ കൃത്യമായ ചികിൽസ പോലും ലഭിക്കാതെ 1961 – ൽ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം അന്തരിച്ചത്.

​വർഷങ്ങൾക്ക് ശേഷം കോടതിയിൽ നിന്നും ലഭിച്ച ഈ നീതിയിൽ നിലവിലെ ഒലോമോക് ആർച്ച്ബിഷപ്പ് ജോസഫ് നുസിക് സന്തോഷം പ്രകടിപ്പിച്ചു. അടിച്ചമർത്തലുകൾക്ക് മുന്നിൽ തലകുനിക്കാത്തവരുടെ ത്യാഗം സമൂഹം മറക്കില്ല എന്നതിന്റെ തെളിവാണ് ഈ വിധിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും നൽകിയ സംഭാവനകൾ പരിഗണിച്ച് 1999 – ൽ മുൻ ചെക്ക് പ്രസിഡന്റ് വാക്ലാവ് ഹാവൽ, ആർച്ചുബിഷപ്പ് മാറ്റോച്ചയ്ക്ക് മരണാനന്തര ബഹുമതി നൽകിയിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് സമാനമായ പീഡനങ്ങൾ ഇരയായ കർദിനാൾ ജോസഫ് ബെരാൻ, ജോസഫ് ടൂഫർ എന്നീ പുരോഹിതന്മാരെയും അടുത്തിടെ ചെക്ക് കോടതികൾ കുറ്റവിമുക്തരാക്കിയിരുന്നു.

Tags

Share this story

From Around the Web