'ശക്തി' ചുഴലിക്കാറ്റ് ഇന്ത്യാ തീരത്തേക്ക്. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ്

കൊച്ചി:അറബിക്കടലില്‍ രൂപംകൊണ്ട 'ശക്തി' ചുഴലിക്കാറ്റ് തീരങ്ങളിലേക്ക് നീങ്ങുകയാണെന്നും ഈ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ജാഗ്രതാ മുന്നറിയിപ്പുകള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയില്‍ വരെ അതിശക്തമായ കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗുജറാത്ത്-മഹാരാഷ്ട്ര തീരത്ത് ചൊവ്വാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആയ കാലാവസ്ഥയും, മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
മഹാരാഷ്ട്രയിലെ മുംബൈ, താനെ, പാല്‍ഘര്‍, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് തുടങ്ങിയ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടായേക്കുമെന്നാണ് അറിയിപ്പ്.
ശക്തി ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തീരദേശ ജില്ലകളോട് സജ്ജമാക്കാന്‍ മഹാരാഷ്ട്ര, ഗുജറാത്ത് സര്‍ക്കാരുകള്‍ കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.