കേരളത്തിലും ജാഗ്രത, 'അര്‍ണബ്' ചുഴലിക്കാറ്റ് തീരത്തേക്ക്; കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'അര്‍ണബ്' അതിതീവ്ര ചുഴലിക്കാറ്റ് നാളെ (ഒക്ടോബര്‍ 28) പുലര്‍ച്ചെയോടെ ആന്ധ്രാ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പുതുച്ചേരിക്ക് സമീപമുള്ള യാനം തീരത്ത് വെച്ച് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തീരം തൊടുന്ന വേളയില്‍ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെ വേഗതയില്‍ അതിശക്തമായ കാറ്റ് വീശിയടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്.
ദുരന്തസാധചര്യം നേരിടാന്‍ സംസ്ഥാനത്ത് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഇന്ന് (ഒക്ടോബര്‍ 27) തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്.
ആന്ധ്രാപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങളില്‍ ഇതിനോടകം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും 'അര്‍ണബ്' ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുള്ളത്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഈ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.