സൈബര്‍ സുരക്ഷാ ആക്രമണം; ജിമെയില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗൂഗിള്‍

ന്യൂഡല്‍ഹി:ഗൂഗിള്‍ ലോകമെമ്പാടുമുള്ള 1.8 ബില്യണ്‍ (180 കോടി) ജിമെയില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇന്‍ഡൈറക്ട് പ്രോംപ്റ്റ് ഇഞ്ചക്ഷന്‍സ് എന്ന പുതിയ രൂപത്തിലുള്ള സൈബര്‍ സുരക്ഷാ ആക്രമണത്തെക്കുറിച്ചാണ് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഈ പുതിയ ഭീഷണി വ്യക്തികളെയും ബിസിനസുകളെയും സര്‍ക്കാരുകളെയും ഒരുപോലെ അപകടത്തിലാക്കുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു. ജനറേറ്റീവ് എഐയുടെ പെട്ടെന്നുള്ള വളര്‍ച്ചയോടെ ടെക് വ്യവസായത്തിലുടനീളം ഭീഷണികളുടെ ഒരു പുതിയ തരംഗം ഉയര്‍ന്നുവരുന്നുവെന്നും അത്തരത്തിലുള്ള ഒരു ആക്രമണകാരി ഇന്‍ഡൈറക്ട് പ്രോംപ്റ്റ് ഇഞ്ചക്ഷനുകളാണെന്നും ഉപഭോക്താക്കള്‍ക്കായുള്ള ഒരു ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ പറഞ്ഞു.
ഡയറക്ട് പ്രോംപ്റ്റ് ഇഞ്ചക്ഷനുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്‍ഡൈറക്ട് പ്രോംപ്റ്റ് ഇഞ്ചക്ഷനുകള്‍ വഴി ഒരു ഹാക്കര്‍ക്ക് നേരിട്ട് ഒരു പ്രോംപ്റ്റിലേക്ക് മാല്‍വെയര്‍ കമാന്‍ഡുകള്‍ ഇന്‍പുട്ട് ചെയ്യാന്‍ സാധിക്കും. ഇതില്‍ ബാഹ്യ ഡാറ്റാ സ്രോതസുകളില്‍ മറഞ്ഞിരിക്കുന്ന അപകടകരമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്നു.
ഉപയോക്തൃ ഡാറ്റ പുറന്തള്ളാനോ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനോ എഐയോട് നിര്‍ദ്ദേശിക്കുന്ന ഇമെയിലുകള്‍, ഡോക്യുമെന്റുകള്‍ അല്ലെങ്കില്‍ കലണ്ടര്‍ ഇന്‍വിറ്റേഷനുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെട്ടേക്കാം എന്നും ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ വിശദീകരിക്കുന്നു.
ഇത് വ്യക്തികളെയും സ്ഥാപനങ്ങളെയും അപകടത്തിലാക്കുമെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. ഈ സൂക്ഷ്മവും എന്നാല്‍ ശക്തവുമായ ആക്രമണം ടെക് വ്യവസായത്തിലുടനീളം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും അടിയന്തര ശ്രദ്ധയും ശക്തമായ സുരക്ഷാ നടപടികളും ആവശ്യമാണെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു