കേന്ദ്ര ഏജന്‍സികളുടെ പേരില്‍ സൈബര്‍ തട്ടിപ്പ്; ഡോക്ടറില്‍നിന്ന് 1.29 കോടി തട്ടിയെടുത്തു, 29 ലക്ഷം തിരികെപ്പിടിച്ചു, കേസില്‍ ഒന്‍പത് പ്രതികളുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍

 
Cyber thattipp

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണിലൂടെ ഭീഷണിപ്പെടുത്തി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറില്‍നിന്ന് 1.29 കോടി രൂപ തട്ടിയെടുത്തു.

പോലീസ് ഇടപെട്ട് 29 ലക്ഷം രൂപ തിരികെപ്പിടിച്ചിട്ടുണ്ട്. കേസില്‍ ഒന്‍പത് പ്രതികളുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ചെങ്ങന്നൂര്‍ സ്വദേശിയും നിലവില്‍ കുമാരപുരത്ത് താമസക്കാരനുമായ ഡോ. വി.എം. രാജശേഖരനാണ് തട്ടിപ്പിനിരയായത്.

17 വര്‍ഷമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിന്റെ മൊബൈലിലേക്ക് നവംബര്‍ ആറിനാണ് ആദ്യ കോള്‍ എത്തിയത്. ടെലികോം വകുപ്പില്‍നിന്നാണെന്ന് പരിചയപ്പെടുത്തിയായിരുന്നു വാട്സാപ്പ് കോള്‍.

ഡോക്ടറുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സ്ത്രീകളെ വിളിച്ച് അസഭ്യം പറഞ്ഞതിന് നവി മുംബൈ പോലീസ് സ്റ്റേഷനില്‍ കേസുണ്ടെന്ന് വിളിച്ചയാള്‍ അറിയിച്ചു. തുടര്‍ന്ന് പുതിയ സിം കണക്ഷന്‍ എടുക്കാനും അതുപയോഗിച്ച് പുതിയ വാട്സാപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനും ഡോക്ടറോട് ആവശ്യപ്പെട്ടു.


അടുത്ത ദിവസം ഈ പുതിയ നമ്പറിലേക്ക് വീഡിയോ കോള്‍ വിളിച്ച സംഘം, നവി മുംബൈയിലെ പൊതുമേഖലാ ബാങ്കില്‍ ഡോക്ടറുടെ പേരില്‍ അക്കൗണ്ടുണ്ടെന്നും മുംബൈയിലെ പ്രമുഖ രാഷ്ട്രീയനേതാവ് ഉള്‍പ്പെട്ട അഴിമതിപ്പണത്തിന്റെ ഇരുപത് ശതമാനമായ രണ്ടര കോടിയോളം രൂപ ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും പറഞ്ഞു.

ഈ പണത്തിന്റെ വിവരങ്ങള്‍ റിസര്‍വ് ബാങ്കിന്റെ പക്കലുണ്ടെന്നും റിസര്‍വ് ബാങ്കിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് ഇത് കൈമാറണമെന്നും നിര്‍ദേശിച്ചു. സി.ബി.ഐ. ഡയറക്ടര്‍, സുപ്രീംകോടതി ജഡ്ജി, ഇ.ഡി. ഉദ്യോഗസ്ഥന്‍ തുടങ്ങിയവരാണെന്ന് പരിചയപ്പെടുത്തിയായിരുന്നു കോള്‍.

പ്രതികള്‍ നല്‍കിയ വിവിധ അക്കൗണ്ടുകളിലേക്ക് പല ഘട്ടങ്ങളിലായി ഡോക്ടര്‍ 1.29 കോടി രൂപ കൈമാറി. പിന്നീട് സംശയം തോന്നിയ ഡോക്ടര്‍ സുഹൃത്തായ ഡിവൈ.എസ്.പി.യോട് ഇക്കാര്യം അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags

Share this story

From Around the Web