എസ്ബിഐയ്ക്കുനേരെ സൈബര്‍ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു, ഫോണ്‍നമ്പറടക്കം ഡാര്‍ക്ക് വെബില്‍
ന്യൂ ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുനേരെ (എസ്ബിഐ) സൈബറാക്രമണം. ഇതേത്തുടര്‍ന്ന് 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിങ്ങിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബര്‍ 16-ന് തങ്ങളുടെ ത്രെറ്റ് ഇന്റലിജന്‍സ് സര്‍വീസ് പ്രൊവൈഡര്‍, ഡിഫന്‍സ് സൈബര്‍ ഏജന്‍സി, സെര്‍ട്ട്-ഇന്‍ എന്നിവയില്‍ നിന്ന് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി എസ്ബിഐ വ്യക്തമാക്കി.
ഡാര്‍ക്ക് വെബില്‍ ലഭ്യമായ ഏകദേശം 3,75,000 റെക്കോര്‍ഡുകളാണ് പ്രാഥമിക വിശകലനത്തിന് വിധേയമാക്കിയത്.
ഇതില്‍ നിന്നാണ് 3,897 ഉപഭോക്തൃ റെക്കോര്‍ഡുകള്‍ തിരിച്ചറിഞ്ഞത്. ഉപഭോക്താക്കളുടെ പേരുകള്‍, മൊബൈല്‍ നമ്പറുകള്‍, ജനനത്തീയതികള്‍, ഇമെയില്‍ വിലാസങ്ങള്‍, താമസ വിലാസങ്ങള്‍ എന്നിവ ചോര്‍ന്ന വിവരങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.
ഇതിന് പുറമെ ബ്രാന്‍ഡ് വിവരങ്ങള്‍, ഉപഭോക്തൃ തിരിച്ചറിയല്‍ വിവരങ്ങള്‍, വായ്പാ രേഖകള്‍ എന്നിവയും പുറത്തായിട്ടുണ്ട്.
വിവരച്ചോര്‍ച്ചയുടെ സ്വഭാവവും വ്യാപ്തിയും വിശദമായി പരിശോധിക്കുന്നതിനായി സ്വതന്ത്ര സൈബര്‍ സുരക്ഷാ ഏജന്‍സിയെ നിയോഗിച്ചതായി എസ്ബിഐ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് സമഗ്രമായ വിലയിരുത്തലും അന്വേഷണവും ഏജന്‍സി നടത്തും. അതേസമയം, ഈ സംഭവം ബാങ്കിന്റെ പ്രധാന പ്രവര്‍ത്തനങ്ങളെ ഇത് കാര്യമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് എസ്ബിഐ അറിയിച്ചു.
സാമ്പത്തിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള സൈബര്‍ ഭീഷണികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇന്ത്യയിലെ ബാങ്കുകളുടെ സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ റെഗുലേറ്ററി അധികൃതര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിവരുന്നതിനിടെയാണ് എസ്ബിഐയിലെ വിവരച്ചോര്‍ച്ച പുറത്തുവന്നിരിക്കുന്നത്.