നാരങ്ങ മുറിച്ച് മഴ മാറ്റിനിര്‍ത്തി'; വിചിത്ര വാദവുമായി ബിജെപി എംപിയുടെ വീഡിയോ

 
BJP MP

 
റായ്പ്പൂര്‍: ഛത്തീസ്ഗഡിലെ കാങ്കര്‍ ലോക്‌സഭാംഗമായ ഭോജ്രാജ് നാഗ് നാടന്‍ വിദ്യയിലൂടെ മഴ തടഞ്ഞുനിര്‍ത്തിയെന്ന വിചിത്ര അവകാശവാദവുമായി വിവാദത്തിലായിരിക്കുകയാണ്. ഇതുസംബന്ധിച്ച എം.പിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ വൈറലായിരിക്കുകയാണ്.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി പങ്കെടുത്ത ഒരു പൊതുപരിപാടിക്കിടെയാണ് സംഭവം. മഴ കാരണം പരിപാടി നിര്‍ത്തിവെക്കണമെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ താന്‍ നാരങ്ങ മുറിച്ചത് കൊണ്ടാണ് മഴ നിന്നതെന്നാണ് എംപിയുടെ വാദം.
ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ എംപിയുടെ വീഡിയോ ഏറെ വിവാദമായിരിക്കുകയാണ്. തന്റെ ഈ നടന്‍ വിദ്യ കാരണമാണ് മഴ നിന്നതെന്നാണ് എം പി വിഡിയോയില്‍ ഊന്നിപ്പറയുന്നത്.
മുന്‍പും സമാനമായ രീതിയിലുള്ള പ്രസ്താവനകളിലൂടെ ഭോജ്രാജ് നാഗ് ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അതേസമയം ഒരു ലോക്‌സഭാ എംപിയുടെ ഇത്തരം അന്ധവിശ്വാസപരമായ അവകാശവാദങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Tags

Share this story

From Around the Web