വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥാടനം പുനഃരാരംഭിക്കണം: അഭ്യര്‍ത്ഥനയുമായി കസ്റ്റോഡിയന്‍
ജെറുസലേം: വിശുദ്ധ നാട്ടിലേക്ക് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തണമെന്നും, വാക്കുകള്‍ കൊണ്ടുമാത്രമല്ല, സാന്നിദ്ധ്യം കൊണ്ടു മാത്രമേ ഭയത്തെ അതിജീവിക്കാന്‍ കഴിയുകയുള്ളൂവെന്നും വിശുദ്ധ നാട്ടിലെ കത്തോലിക്കാസഭയുടെ സംരക്ഷണത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ ചുമതലയുള്ള ഫാ. ഫ്രാന്‍സ്സെസ്‌കോ യെല്‍പോ.
ജനുവരി ഏഴാം തീയതി റോമില്‍ നിന്നെത്തിയ വൈദികരും, രൂപതയിലെ ജോലിക്കാരും, മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഘത്തെ ജെറുസലേമിലെ ഫ്രാന്‍സിസ്‌കന്‍ സന്യാസ സമൂഹത്തിന്റെ കേന്ദ്രത്തില്‍ സ്വീകരിച്ച് സംസാരിക്കുകയായിരിന്നു അദ്ദേഹം.
കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതുവഴി പ്രാദേശികസമൂഹത്തിന് സാമ്പത്തികമായ സഹായം കൂടിയാണ് ലഭിക്കുകയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ജെറുസലേം ഉള്‍പ്പെടുന്ന വിശുദ്ധ നാട്ടിലേക്കുള്ള ക്രൈസ്തവ തീര്‍ത്ഥാടനം പുനഃരാരംഭിക്കണമെന്നും, കൂടുതല്‍ ആളുകള്‍ എത്തുന്നതിലൂടെ മാത്രമേ ഭയത്തെ മറികടക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീര്‍ത്ഥാടനങ്ങള്‍ വിശുദ്ധ നാട്ടിലെ ക്രൈസ്തവരുള്‍പ്പെടുന്ന പ്രാദേശികസമൂഹങ്ങളുടെ സാമ്പത്തിക സ്രോതസുകൂടിയാണെന്ന് ഫാ. ഫ്രാന്‍സ്സെസ്‌കോ ഓര്‍മ്മിപ്പിച്ചു. ഭയത്തെ മറികടക്കാന്‍ വാക്കുകള്‍ മാത്രം പോരാ.
ആളുകളുടെ സാക്ഷ്യവും സാന്നിദ്ധ്യവും ആവശ്യമാണ്. ക്രൈസ്തവര്‍ വിശുദ്ധ നാട്ടിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നത് പ്രത്യാശ വളര്‍ത്തുന്നതാണ്.
ഇവിടേക്ക് കൂടുതല്‍ പേര്‍ എത്തുമ്പോള്‍ ലോകമെങ്ങും നിന്നുള്ള തീര്‍ത്ഥാടനത്തിന് മറ്റുള്ളവര്‍ക്ക് കൂടുതല്‍ പ്രേരണ നല്‍കും.
ഇസ്രായേലിലും പാലസ്തീനിലുമായി ഏതാണ്ട് അന്‍പതിനായിരത്തോളം ക്രൈസ്തവര്‍ ജീവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഫാ. യെല്‍പോ, ഇവരില്‍ ആറായിരത്തോളം പേര്‍ ജെറുസലേമിലാണ് താമസിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്നത് പ്രത്യാശ പകരുന്നതായിരിക്കുമെന്നും, ക്രിയാത്മകമായ സംരഭങ്ങള്‍ക്ക് കാരണമാകുമെന്നും അഭിപ്രായപ്പെട്ടു.
2023 ഒക്ടോബര്‍ 7-ന് നടന്ന ആക്രമണത്തിന് ശേഷമാണ് വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഗതി മാറിയെന്നും, അതുകൊണ്ടുതന്നെ, കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തേണ്ടത് പ്രധാനപ്പെട്ട ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.