ദൈവമക്കളെന്ന നിലയില്‍ ഒരുമിച്ച് ഐക്യത്തിന്റെയും സമാധാനത്തിന്റെയും സംസ്‌കാരം വളര്‍ത്തുക: ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍:ആയുധരഹിതവും നിരായുധീകരിക്കുന്നതും എളിമയുള്ളതും നിലനില്‍ക്കുന്നതും കരുണാമയവും, സഹനങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് സമീപസ്ഥരായിരിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ സമാധാനം ദൈവത്തില്‍നിന്നാണ് വരുന്നതെന്നും, അത്തരമൊരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ നാമെല്ലാവരും പരിശ്രമിക്കണമെന്നും ലിയോ പതിനാലാമന്‍ പാപ്പാ.
'സഹോദരീസഹോദരങ്ങള്‍ക്കിടയില്‍ ഒരുമയുടെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക' എന്ന പേരില്‍ സെപ്റ്റംബര്‍ ആറ് മുതല്‍ പന്ത്രണ്ട് വരെ ബംഗ്ലാദേശില്‍ നടന്നുവരുന്ന മതാന്തരസമ്മേളനത്തിലേക്കായി നല്‍കിയ സന്ദേശത്തിലൂടെയാണ് സമാധാനസ്ഥാപനത്തില്‍ എവര്‍ക്കുമുള്ള കടമയെക്കുറിച്ച് പാപ്പാ ഓര്‍മ്മിപ്പിച്ചത്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ, സഭയും ക്രൈസ്തവേതരമതങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്നതുമായ 'നോസ്ത്ര എത്താത്തെ' എന്ന രേഖ പരാമര്‍ശിച്ചുകൊണ്ട്, ദൈവമക്കളെന്ന നിലയില്‍ നാമെല്ലാവരും സഹോദരീസഹോദരങ്ങളാണെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, അതുകൊണ്ടുതന്നെ ഒരുമയുടെയും സമാധാനത്തിന്റെയും ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ നമുക്ക് ലഭിക്കുന്ന അവസരങ്ങളും നമുക്കുള്ള കടമയും ഒന്നുചേര്‍ന്ന് നിര്‍വ്വഹിക്കാന്‍ വിളിക്കപ്പെട്ടവരാണെന്ന് തന്റെ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.
സംസ്‌കാരം എന്ന വാക്കിന്റെ വിവിധ അര്‍ത്ഥങ്ങളെക്കുറിച്ച് വിശദീകരിച്ച പാപ്പാ, ആരോഗ്യകരമായ ഒരു സാമൂഹ്യസാംസ്‌കാരം വ്യത്യസ്തങ്ങളായ സമൂഹങ്ങളെ ഒരുമയില്‍ വളരാന്‍ അനുവദിക്കുന്നതാണെന്ന് പ്രസ്താവിച്ചു.
അത്തരം ഒരു സംസ്‌കാരമാണ് നാം വളര്‍ത്തിയെടുക്കേണ്ടതെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു. ഒരുമയുടെ സംസ്‌കാരത്തെ അവഗണിക്കുമ്പോള്‍ സമാധാനത്തെ ഇല്ലാതാക്കുന്ന കളകളാണ് വളര്‍ന്നുവരികയെന്നും, അവിടെ പരസ്പരമുള്ള സംശയങ്ങള്‍ വളരാനും, തീവ്രവാദസ്വഭാവമുള്ളവര്‍ക്ക് സമൂഹത്തില്‍ ഭിന്നതകള്‍ വിതയ്ക്കാനും അവസരങ്ങള്‍ ലഭിക്കുമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
മതാന്തരസംവാദങ്ങള്‍ക്കായി ശ്രമിക്കുന്നവര്‍ എന്ന നിലയില്‍ മുന്‍വിധികളുടെ കളകളെ ഇല്ലാതാക്കാനും ഫലപ്രദമായ സംവാദങ്ങള്‍ തുടരാനും നാം ശ്രമിക്കണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
നമ്മുടെ ഭിന്ന മതവിശ്വാസങ്ങളും ജന്മയിടങ്ങളും നമ്മെ വേര്‍തിരിക്കേണ്ടതില്ലെന്നതിന്റെ സാക്ഷ്യമാണ് ഇപ്പോള്‍ നടക്കുന്ന ഈ മതാന്തരസമ്മേളനമെന്ന് എഴുതിയ പാപ്പാ, സൗഹൃദപൂര്‍വ്വമുള്ള ഈ കൂടിക്കാഴ്ചയും സംവാദങ്ങളും, മാനവികതയെ മുറിവേല്‍പ്പിക്കുന്ന ഭിന്നിപ്പുകളുടെയും വെറുപ്പിന്റെയും അക്രമത്തിന്റെയും ശക്തികള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ നമ്മെ സഹായിക്കട്ടെയെന്ന് ആശംസിച്ചു.
ഐക്യത്തിന്റെ മാര്‍ഗ്ഗം പിന്തുടരാനുള്ള കത്തോലിക്കാസഭയുടെ തീരുമാനം ആവര്‍ത്തിച്ച പാപ്പാ, പരസ്പരം ധൈര്യം പകര്‍ന്നുകൊണ്ട് ഈ യാത്രയില്‍ മുന്നേറാന്‍ ഏവരെയും ആഹ്വാനം ചെയ്തു.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ പരാമര്‍ശിച്ചുകൊണ്ട്, 'സ്‌നേഹത്തിന്റെ സംസ്‌കാരത്തെ' പടുത്തുയര്‍ത്താനുളള കല്ലുകളാണ് ഇത്തരം സംവാദങ്ങളും പരസ്പരമുള്ള പങ്കിടലുമെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശില്‍ നടന്നുവരുന്ന മതാന്തരസമ്മേളനത്തില്‍ സംബന്ധിച്ചുവരുന്ന, മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാടാണ് പാപ്പായുടെ സന്ദേശം വായിച്ചത്.
മാനവിക സാഹോദര്യം വളര്‍ത്തിയെടുക്കുന്നതാണ് യഥാര്‍ത്ഥ ക്രൈസ്തവ ആധ്യാത്മികതയെന്ന് സെപ്റ്റംബര്‍ ആറാം തീയതി നടത്തിയ തന്റെ പ്രഭാഷണത്തില്‍ അദ്ദേഹം പ്രസ്താവിച്ചിരുന്നു.