കരച്ചില്‍ വാക്കുകളുടെ അഭാവത്തിലുള്ള തീവ്രമായ പ്രാര്‍ത്ഥനയുടെ രൂപമാകാം: ലിയോ 14 മന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ കരച്ചില്‍ എപ്പോഴും ബലഹീനതയുടെ അടയാളമാകണമെന്നില്ലെന്നും വാക്കുകള്‍ അവശേഷിക്കാത്തപ്പോഴുള്ള പ്രാര്‍ത്ഥനയുടെ തീവ്രമായ രൂപമാകാമെന്നും ലിയോ 14 ാമന്‍ പാപ്പ.
കരയുന്നത് അടിച്ചമര്‍ത്തപ്പെടേണ്ട ക്രമരഹിതമായ ഒന്നായി നാം കരുതുന്നുണ്ടെങ്കിലും, സുവിശേഷം നമ്മുടെ നിലവിളിക്ക് ഒരു മൂല്യം നല്‍കുന്നുണ്ടെന്നും അത് പ്രാര്‍ത്ഥനയുടെയോ പ്രതിഷേധത്തിന്റെയോ ആഗ്രഹത്തിന്റെയോ സമര്‍പ്പണത്തിന്റെയോ രൂപമാകാമെന്നും ബുധനാഴ്ച പൊതുകൂടിക്കാഴ്ചയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പാപ്പ വ്യക്തമാക്കി.
യേശുവിന്റെ കുരിശിലെ അവസാന നിമിഷങ്ങളിലെ വേദനയുടെ നിലവിളി പോലെ പ്രാര്‍ത്ഥന ബലഹീനതയുടെ അടയാളത്തിനുപകരം ആഗ്രഹം, സമര്‍പ്പണം, പ്രാര്‍ത്ഥന എന്നിവയുടെ അടയാളങ്ങളാകാമെന്ന് ലിയോ 14 -ാമന്‍ മാര്‍പാപ്പ വിശദീകരിച്ചു.
'ചിലപ്പോള്‍, വാക്കുകളില്‍ പറയാന്‍ കഴിയാത്തത് നമ്മള്‍ ശബ്ദത്തിലൂടെ പ്രകടിപ്പിക്കുന്നു. ഹൃദയം നിറയുമ്പോള്‍, അത് കരയുന്നു. ഇത് എല്ലായ്പ്പോഴും ബലഹീനതയുടെ അടയാളമല്ല; അത് മനുഷ്യത്വത്തിന്റെ ആഴമേറിയ പ്രവൃത്തിയാകാം,' പാപ്പ പറഞ്ഞു.
എല്ലാം നഷ്ടപ്പെട്ടതായി തോന്നുമ്പോഴും നമ്മുടെ പ്രത്യാശയ്ക്ക് നിലവിളിക്കാന്‍ കഴിയുമെന്ന് യേശു നമുക്ക് കാണിച്ചുതന്നു.കുരിശില്‍, യേശു നിശബ്ദമായി മരിക്കുന്നില്ല.
കുരിശില്‍ ഭൂമിയിലെ തന്റെ ദൗത്യം നിറവേറ്റിയ ശേഷം, യേശു ഉച്ചത്തില്‍ നിലവിളിക്കുകയും അന്ത്യശ്വാസം വലിക്കുകയും ചെയ്തു.
ആ നിലവിളിയില്‍ എല്ലാം അടങ്ങിയിരിക്കുന്നു: വേദന വിശ്വാസം, സമര്‍പ്പണം എല്ലാം. അത് ജീവന്‍ വേര്‍പെടുന്ന ശരീരത്തിന്റെ അവസാന ശബ്ദം മാത്രമല്ല, സമര്‍പ്പിക്കപ്പെട്ട ഒരു ജീവിതത്തിന്റെ അവസാന അടയാളവുമാണ്.'
നിലവിളിക്ക് മുമ്പ് ഒരു യേശു ചോദിക്കുന്ന ചോദ്യവും പാപ്പ വിചിന്തനം ചെയ്തു. 'എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ട്?' എന്നാണ് യേശു ചോദിക്കുന്നത്. ഇത് വിശ്വാസത്തിന്റെ പ്രതിസന്ധിയല്ല, മറിച്ച് അവസാനം വരെ സമര്‍പ്പിച്ച ഒരു സ്നേഹത്തിന്റെ അവസാന ഘട്ടമാണെന്ന് പാപ്പ വ്യക്തമാക്കി.
'ആ തകര്‍ന്ന മനുഷ്യനിലാണ് ഏറ്റവും വലിയ സ്നേഹം പ്രകടമാകുന്നത്. അകലെ നില്‍ക്കാതെ, അവസാനം വരെ നമ്മുടെ വേദനയിലും നമ്മോടൊപ്പം നടക്കുന്ന ദൈവത്തെ നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നത് അവിടെയാണ്.'
നാം നിശബ്ദമായി കടന്നുപോകുന്നില്ലെന്നും ഇനിയും നമുക്ക് സമര്‍പ്പിക്കാന്‍ ഉണ്ട് എന്നും കരച്ചില്‍ വ്യക്തമാക്കുന്നു. തന്നെ കേള്‍ക്കുന്നവരോട് കണ്ണുനീര്‍ അടക്കരുതെന്നും എല്ലാം ഉള്ളില്‍ സൂക്ഷിക്കുന്നത് നമ്മെ കാര്‍ന്നുതിന്നുമെന്നും പാപ്പ പറഞ്ഞു.
'അതിശക്തമായ പരീക്ഷണ സമയം വരുമ്പോള്‍ പ്രത്യാശയുടെ നിലവിളി' നടത്താന്‍ കര്‍ത്താവില്‍ നിന്ന് പഠിക്കാന്‍ പാപ്പ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. നമ്മുടെ നിലവിളി യഥാര്‍ത്ഥമാണെങ്കില്‍, അത് ഒരു പുതിയ വെളിച്ചത്തിന്റെ, ഒരു പുതിയ ജനനത്തിന്റെ വാതില്‍പ്പടിയാകുമെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.