വിശ്വാസത്തിന്റെ പേരില്‍ ക്രൂരത. ഛത്തീസ്ഗഢില്‍ ക്രൈസ്തവ കുടുംബങ്ങള്‍ക്ക് കുടിവെള്ളവും ജീവിക്കാനുള്ള മാര്‍ഗ്ഗങ്ങളും നിഷേധിക്കപ്പെടുന്നു

 
Water
തങ്ങളുടെ മതവിശ്വാസത്തിന്റെ പേരിൽ കുടിവെള്ളവും ജീവിക്കാനുള്ള മാർഗ്ഗങ്ങളും നിഷേധിക്കപ്പെടുന്നു എന്ന ഗുരുതര ആരോപണവുമായി ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിലുള്ള ക്രൈസ്തവ കുടുംബങ്ങൾ രംഗത്ത്. പ്രോഗ്രസീവ് ക്രിസ്ത്യൻ അലയൻസ് എന്ന സംഘടന പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. അന്തഗഡ് മേഖലയിലെ മഡപ്പ, ഭൈൻസാഗാവ്, ബുർഖാപാര തുടങ്ങിയ ഗ്രാമങ്ങളിലെ ക്രൈസ്തവ കുടുംബങ്ങൾക്കാണ് ഈ ദുരവസ്ഥയെന്ന് സംഘടന പറയുന്നു. നദികൾ, കുളങ്ങൾ, പൊതുടാപ്പുകൾ, ഹാൻഡ് പമ്പുകൾ എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് ഇവരെ ആഴ്ചകളായി തടഞ്ഞിരിക്കുകയാണ്. ക്രൈസ്തവ മതം ഉപേക്ഷിച്ച് 'ഘർ വാപ്സി' (ഹിന്ദുമതത്തിലേക്ക് തിരിച്ചുവരവ്) ചടങ്ങുകളിൽ പങ്കെടുക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനാണ് ഈ ക്രൂരതയെന്ന് ഇവിടുത്തെ കുടുംബങ്ങൾ ആരോപിക്കുന്നു. പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 'ജില്ലാ മസിഹ് ആസ്ത സമാജ്' പ്രതിനിധികൾ ഏപ്രിൽ മാസം തന്നെ ജില്ലാ കളക്ടർക്കും പോലീസ് സൂപ്രണ്ടിനും രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ പരാതി നൽകി ആഴ്ചകൾ കഴിഞ്ഞിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും കുടുംബങ്ങൾ ഇപ്പോഴും കടുത്ത ദുരിതത്തിലാണെന്നും ഇവർ വ്യക്തമാക്കുന്നു.

Tags

Share this story

From Around the Web