ക്രൂശിതരൂപം മതപരിവര്‍ത്തനത്തിന് തെളിവല്ലെന്ന് ഹൈക്കോടതി
മുംബൈ: ക്രൂശിതരൂപവും യേശുവിന്റെ ചിത്രവും മതപരിവര്‍ത്തനത്തിന് തെളിവല്ലെന്ന് മുംബൈ ഹൈക്കോടതിയുടെ ചരിത്രപരമായ വിധി. വീട്ടില്‍ ക്രൂശിത രൂപമോ യേശുക്രിസ്തുവിന്റെ ചിത്രമോ ഉണ്ടെന്നതുകൊണ്ട് മതം മാറിയെന്നോ തന്റെ ഹിന്ദു ജാതി ഉപേക്ഷിച്ചെന്നോ അര്‍ത്ഥമാക്കുന്നില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഒരാള്‍ ക്രിസ്തുമതത്തിലേക്ക് മാറിയെന്ന് സ്ഥിരീകരിക്കണമെങ്കില്‍ മാമോദീസ സര്‍ട്ടിഫിക്കറ്റോ, മാമോദീസ ചടങ്ങുകളുടെ തെളിവോ ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു.
ദളിത് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ ഒരു വിദ്യാര്‍ത്ഥി നല്‍കിയ കേസില്‍ ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം യുക്തിരഹിതമാണെന്ന് വിശേഷിപ്പിച്ച കോടതി, രണ്ട് മാസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഉത്തരവിട്ടു.
വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് തെളിവായി സ്വീകരിക്കുന്നത് പലപ്പോഴും പ്രാര്‍ത്ഥനാ പുസ്തകങ്ങളും ചിത്രങ്ങളുമാണ്. ക്രിസ്തീയ സ്ഥാപനങ്ങളും ക്രൈസ്തവരുടെ വീടുകളും റെയ്ഡു ചെയ്തു ബൈബിളുകള്‍ ഉണ്ടായിരുന്നു എന്ന പേരില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ധാരാളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ പോലീ സ് എന്തു നടപടികള്‍ സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.