ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയതിന് ശേഷവും ബിജെപിയിലേക്ക് ഒഴുകിയത് കോടികൾ; സംഭാവന ലഭിച്ചത് 6073 കോടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്ക്
തെരഞ്ഞെടുപ്പ് ബോണ്ടുകൾ റദ്ദാക്കിയതിന് ശേഷം ബിജെപിക്ക് ലഭിച്ച സംഭാവനയില്‍ വന്‍ വര്‍ധന. 6073 കോടി രൂപയാണ് ബിജെപിക്ക് സംഭാവനയായി ലഭിച്ചത്. 9 രാഷ്ട്രീയ ട്രസ്റ്റുകള്‍ മാത്രം നല്‍കിയത് 3112 കോടി രൂപയെന്ന് കണക്കുകൾ. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മാത്രം ബിജെപിക്ക് നല്‍കിയത് 100 കോടി രൂപ. തെരഞ്ഞെടുപ്പ് കമ്മീഷനാണ് കണക്കുകള്‍ പുറത്തുവിട്ടത്.
രാജ്യത്തെ 9 രാഷ്ട്രീയ ട്രസ്റ്റുകള്‍ എല്ലാ പാര്‍ട്ടികള്‍ക്കുമായി സംഭാവന നല്‍കിയ 3811.37 കോടി രൂപയിൽ 82 ശതമാനവും ബിജെപിക്ക് ലഭിച്ചത്. 3112.50 കോടി രൂപയാണ് രാഷ്ട്രീയ ട്രസ്റ്റുകള്‍ ബിജെപിക്ക് സംഭാവന നല്‍കിയത്. പ്രൂഡെന്റ് ഇലകടറല്‍ ട്രസ്റ്റ് മാത്രം നല്‍കിയത് 2180.71 കോടി രൂപയാണ്. പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ് നല്‍കിയതാകട്ടെ 914.97 കോടി രൂപയും.
ന്യൂ ഡെമോക്രാറ്റിക് ട്രസ്റ്റ് 160 കോടി, ഹാര്‍മണി ഇലക്ടറല്‍ ട്രസ്റ്റ് 35.65 കോടി,ട്രയംഫ് ഇലക്ടറല്‍ ട്രസ്റ്റ് 25 കോടി ഇങ്ങനെ നീളുന്നുണ്ട് പട്ടിക. കോണ്‍ഗ്രസിന് രാഷ്ട്രീയ ട്രസ്റ്റുകള്‍ വഴി ലഭിച്ചത് 298.77 കോടി രൂപയാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവന 400 കോടി രൂപയും. പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റിന് സംഭാനവ നല്‍കിയത് ജിന്‍ഡല്‍ സ്റ്റീല്‍, മേഘ എന്‍ജീനിയറിംഗ് കമ്പനി ഉള്‍പ്പെടെയാണെന്നതും ശ്രദ്ധേയം.
രാഷ്ട്രീയ ട്രസ്റ്റുകള്‍ അല്ലാതെ വ്യക്തികളും കമ്പനികളും നല്‍കിയ സംഭവനയിലും ബിജെപി തന്നെയാണ് മുന്നില്‍. 2961 കോടി രൂപയാണ് ബിജെപിക്ക് സംഭാവനയായി ലഭിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മാത്രം നല്‍കിയത് 100 കോടി രൂപയാണ് നല്‍കിയത്. രുങ്ത സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് 95 കോടി, വേദാന്ത ലിമിറ്റഡ് 67 കോടി രൂപയും ബിജെപിക്ക് സംഭാവനയായി നല്‍കിയിട്ടുണ്ട്.