മുതലപ്പൊഴി അപകടം. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു.നാളെ രാവിലെ വീണ്ടും തിരച്ചില്‍ പുനരാരംഭിക്കും
മുതലപ്പൊഴി:മുതലപ്പൊഴി അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു.
ഇന്ന് വൈകുന്നേരം 7 മണി വരെ കോസ്റ്റ്ഗാര്‍ഡും നേവിയുടെ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ കാണാതായ രണ്ടുപേര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
നാളെ രാവിലെ വീണ്ടും തിരച്ചില്‍ പുനരാരംഭിക്കാനാണ് കോസ്റ്റ്ഗാര്‍ഡിന്റെ തീരുമാനം.
ഇന്നലെ ഉച്ചയോടെ മീന്‍പിടുത്തത്തിനായി ചെറുവള്ളങ്ങളില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
ശക്തമായ കാറ്റിലും ഉയര്‍ന്ന തിരമാലയിലും വള്ളം മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനമോ തിരച്ചിലോ ഊര്‍ജിതമല്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് മത്സ്യ തൊഴിലാളികള്‍ അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
പതിനാലുമണിക്കൂര്‍ പിന്നിട്ടിട്ടും തിരച്ചില്‍ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്ന് അസിസ്റ്റന്റ് ഹാര്‍ബര്‍ എന്‍ജിനീയറും സമ്മതിച്ചിരുന്നു. പ്രതികൂല കാലാവസ്ഥ കാരണം ഇന്നലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.