സൂംബ പരിശീലനത്തിനെതിരായ വിമര്‍ശനം. ടി കെ അഷ്‌റഫിനെതിരെ സ്‌കൂള്‍ മാനേജ്മെന്റിന് നടപടിയെടുക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളില്‍ സൂംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച ടി കെ അഷ്‌റഫിനെതിരെ സ്‌കൂള്‍ മാനേജ്മെന്റിന് നടപടിയെടുക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
ടികെ അഷ്റഫ് ഒരു എയ്ഡഡ് സ്‌കൂള്‍ അധ്യാപകനാണെന്നും വിദ്യാഭ്യാസ വകുപ്പിനോ വിദ്യാര്‍ത്ഥികള്‍ക്കോ എതിരെ എന്തെങ്കിലും പറഞ്ഞാല്‍ അതില്‍ അച്ചടക്ക നടപടി എടുക്കേണ്ടത് സ്‌കൂള്‍ മാനേജ്മെന്റ് ആണെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
കേരളത്തിലെ വിദ്യാലയങ്ങളില്‍ സൂംബ നടപ്പിലാക്കിയത് ലോകശ്രദ്ധ നേടിയെന്നും ബിബിസി ലേഖകര്‍ തന്നോട് സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വര്‍ഷം നടത്തിയ ദേശീയ പഠനനേട്ട സര്‍വേ യില്‍ ദേശീയ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് കേരളമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഇത് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയുടെ മികവിനും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അര്‍പ്പണബോധത്തിനും തെളിവാണെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു രൂപ പോലും കിട്ടാതിരിക്കെയാണ് ഈ നേട്ടം. പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് കുറ്റബോധം ഉണ്ടായിക്കാണുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതിയുടെ കാര്യത്തില്‍ എല്ലാവരോടും കൂടി ആലോചന നടത്തും. അതില്‍ പങ്കെടുത്ത് അഭിപ്രായം പറയാതെ പാഠപുസ്തകം ഇറങ്ങുമ്പോള്‍ അഭിപ്രായം പറയരുതെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അടുത്തവര്‍ഷം കുട്ടികള്‍ക്ക് പാഠപുസ്തകം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം പി എസ് സിക്ക് വിടുന്ന കാര്യം നിലവില്‍ ആലോചിച്ചിട്ടില്ലയെന്നും ജി സുധാകരന്റെ അഭിപ്രായം അദ്ദേഹത്തിന്റെയാണെന്നും മന്ത്രി പറഞ്ഞു.