സര്‍ക്കാര്‍ വിമര്‍ശനം വിലങ്ങുതടിയായി. വിഎം സുധീരനെ ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിച്ചേക്കില്ല ?
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ തുറന്ന കത്തും വിമര്‍ശനവുമായി രംഗത്തുവന്നതോടെ കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം സുധീരനെ ഭരണ പരിഷ്കരണ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കില്ലെന്ന് സൂചന.
സംസ്ഥാന ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാന്‍ തീരുമാനിച്ചതും ധാതുമണല്‍ മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന് കളമൊരുക്കുന്നതുമായ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സുധീരന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് തുറന്ന കത്തെന്ന രൂപത്തില്‍ ഒരു വിവാദ കത്ത് നാട്ടിലെല്ലാം പാട്ടാക്കിയത്.
കത്തെഴുതി അതാദ്യം മാധ്യമങ്ങള്‍ക്ക് നല്‍കിയ ശേഷമാണ് അത് മുഖ്യമന്ത്രിക്ക് അയക്കുന്നത്.
കെ കരുണാകരന്‍, എകെ ആന്‍റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകള്‍ക്കെതിരെയും ഇതേ രീതിയില്‍ തുറന്ന കത്തും വിവാദങ്ങളുമായി സുധീരന്‍ വാര്‍ത്തകളില്‍ നിറഞ്ഞതാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
സ്വന്തം പാര്‍ട്ടി അധികാരത്തിലിരുന്ന എല്ലാ കാലത്തും സുധീരന്‍ ആ സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
അതേ സമയം ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അത്തരം നിലപാടുകള്‍ അദ്ദേഹം സ്വീകരിക്കാറുമില്ല.
ഇത്തവണ വിഡി സതീശനെ പൊതുവികാരം മനസിലാക്കി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കാനും അക്കാര്യം ഹൈക്കമാന്‍റിനെ അറിയിക്കാനും സുധീരന്‍ തയ്യാറായിരുന്നു. അതിനാല്‍ വിഡി സര്‍ക്കാരിന് സുധീരന്‍റെ ഉപദ്രവം ഉണ്ടാവില്ലെന്നാണ് പൊതുവേ കരുതപ്പെട്ടത്.
എന്നാല്‍ അത്തരം കണക്കുകൂട്ടലുകളൊക്കെ കാറ്റില്‍ പറത്തിയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് തുറന്ന കത്തുമായി സുധീരന്‍ രംഗത്ത് വന്നത്.
2011 - 16 കാലത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ സുധീരന്‍ ഉയര്‍ത്തിയ മദ്യനിരോധന വിവാദത്തില്‍ തട്ടിയാണ് പിന്നീട് ബാര്‍ കോഴ വിവാദങ്ങള്‍ ഉയരുന്നതും സര്‍ക്കാരിന്‍റെ പതനത്തിനു തന്നെ കാരണമാകുന്നതും.
2021 തെരഞ്ഞെടുപ്പിലും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് തടയാന്‍ ബാര്‍ - മദ്യലോബി കോടികള്‍ ഒഴുക്കി ഇടതുപക്ഷത്തിനായി രംഗത്തുണ്ടായിരുന്നു.
ഈ സാഹചര്യത്തില്‍ വിഎം സുധീരനെ ക്യാബിനറ്റ് റാങ്കോടെ സുപ്രധാന പദവിയില്‍ കൊണ്ടുവന്നാല്‍ അത് സര്‍ക്കാര്‍ വിമര്‍ശനത്തിനുള്ള അവസരമാക്കി മാറ്റുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
അതിനാല്‍ തന്നെ സുധീരനെ അത്തരം പദവികളിലേയ്ക്ക് പരിഗണിക്കേണ്ടതില്ലെന്ന പൊതുവികാരമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്.