സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ സുധീരന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെയും കണ്ണീര്‍ കുടിപ്പിച്ച പാരമ്പര്യമാണു സുധീരന് ഉള്ളതെന്നും വിമര്‍ശനം

 
sudheer

കോട്ടയം: ഉമ്മന്‍ ചാണ്ടിക്കു പറ്റിയതു സതീശനും ആവര്‍ത്തിക്കരുത്. മദ്യ നയത്തിലോ സ്വകാര്യ വല്‍ക്കരണ നയത്തിലോ മുതിര്‍ന്ന നേതാവ് വി.എന്‍. സുധീരന്റെ ഭീഷണികള്‍ക്കു മുഖ്യമന്ത്രി വഴങ്ങാന്‍ പാടില്ല. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ സുധീരന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ വ്യാപനം പ്രോത്സാഹിപ്പിക്കുന്ന നികുതി നിര്‍ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു വി.എം സുധീരന്‍ മുഖ്യമന്ത്രിക്കു കത്തയച്ചു. 

മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന നിര്‍ദേശം ബജറ്റില്‍ വന്നതു തെരഞ്ഞെടുപ്പു മാനിഫെസ്റ്റോയുടെ അന്തസത്തയ്ക്കു നിരക്കാത്തതാണ്. ജനങ്ങളോടുള്ള വാഗ്ദാന ലംഘനമാണിത്. 

യു.ഡി.എഫിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കു വിപരീതമായിട്ടുള്ളതും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഈ നിര്‍ദേശവുമായി മുന്നോട്ടുപോകരുതെന്നാണു സുധീരന്റെ മുന്നറിയിപ്പ്.

ഉമ്മന്‍ ചാണ്ടിയുടെ കാലത്തു സുധീരന്‍ നടത്തിയ നീക്കങ്ങളായിരുന്നു സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്കു നയിച്ചത്. ഇക്കാര്യം സതീശന്‍ എല്ലാ കാലത്തും ഓര്‍മ്മ വെക്കണമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.

അന്നു സുധീരന്റെ വാക്കുകള്‍ ഉമ്മന്‍ ചാണ്ടി കേട്ടതിന്റെ ഫലമാണു യു.ഡി.എഫ് 10 വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നത്.

വി.എം. സുധീരനെ കെ.പി.സി.സി പ്രസിഡന്റ് ആക്കരുതെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ശക്തമായി പലവട്ടം എ.കെ ആന്റണിയോടും സോണിയ ഗാന്ധിയോടും ആവശ്യപ്പെട്ടിരുന്നു. 

അന്നു സുധീരന് അനുകൂല തീരുമാനം എ.ഐ.സി.സി എടുത്തു. ആ തീരുമാനം പാര്‍ട്ടിയെ തകര്‍ച്ചയിലേക്കു നയിക്കുകയായിരുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വി.എം. സുധീരന്റെ നിലപാടുകള്‍ വരിഞ്ഞുമുറുക്കി. കോണ്‍ഗ്രസ് നേതാവ് കെ. ബാബുവിന്റെ രാഷ്ട്രീയ പരാജയത്തിനു കാരണങ്ങളായതും സുധീരന്റെ നടപടികളാണ്. ഇക്കാര്യം കെ. ബാബു തന്നെ സമ്മതിച്ചിരുന്നു.

ബാര്‍ക്കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. ബാബുവിനു സീറ്റ് നല്‍കുന്നതിനെ സുധീരന്‍ ശക്തമായി എതിര്‍ത്തു. 

ബാബുവിനു പകരം മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ അദ്ദേഹം ശ്രമിച്ചുവെങ്കിലും ഉമ്മന്‍ചാണ്ടിയുടെ കര്‍ശന നിലപാടാണു അന്നു സീറ്റ് ഉറപ്പാക്കിയത്. ഇക്കാര്യങ്ങള്‍ ഒന്നും വിസ്മരിച്ചുകൂടാ എന്നും കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്.

Tags

Share this story

From Around the Web