സുകുമാരക്കുറുപ്പിനെ ബ്രൂണെയിൽ കണ്ടെത്തിയെന്ന വ്യാജപ്രചാരണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യും

 
sukumara kurup

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിനെ ബ്രൂണെയില്‍ കണ്ടെത്തിയെന്ന വ്യാജ പ്രചാരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് കേസിന്‍റെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉള്‍പ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള തുടരന്വേഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ നിലവിലെ ക്രൈംബ്രാഞ്ച് സംഘം തന്നെയാകും പുതിയ വ്യാജ പ്രചാരണത്തിലെ ഗൂഢാലോചനയും അന്വേഷിക്കുക. ബ്രൂണെയിൽ കണ്ടെത്തിയത് സുകുമാരക്കുറുപ്പല്ലെന്ന് സ്ഥരീകരിച്ച സാഹചര്യത്തില്‍ ഇന്‍റർപോളിന് കത്തയക്കാനുളള നീക്കവും ക്രൈംബ്ര‌ാഞ്ച് ഉപേക്ഷിച്ചു.

കഴിഞ്ഞ 42 വർഷമായി സുകുമാരക്കുറുപ്പെന്ന പിടികിട്ടാപ്പുള്ളിയെ തേടുകയാണ് കേരള പൊലീസ്. ഇൻറർപോളിന്‍റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള വ്യക്തിയാണ് കുറുപ്പ്. ആ സാഹചര്യത്തിലാണ് ഇന്‍റർപോളിനെ വിവരം അറിയിക്കാനും ക്രൈംബ്രാഞ്ച് ആദ്യം ഉദ്ദേശിച്ചത്.

രോഗിയായിരുന്ന കുറുപ്പ് മരിച്ചിട്ടുണ്ടാകുമാന്ന അനുമാനത്തില്‍ കേസിന്‍റെ തുടർനടപടികൾ അവസാനിപ്പിക്കാൻ പൊലീസ് നീക്കം നടത്തുന്നതിനിടെയാണ് കുറുപ്പ് വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്ന നിലയിലുള്ള പ്രചാരണങ്ങൾ നടന്നത്. ഇതോടെ പൊലീസിനെതിരെ പലകോണുകളിൽ നിന്നും ആക്ഷേപങ്ങളും ഉയർന്നിരുന്നു.

Tags

Share this story

From Around the Web