വത്തിക്കാനിലെത്തി തീര്‍ത്ഥാടകര്‍ക്ക് കരകൗശല വിദഗ്ധര്‍ ഒരുക്കിയത്  മനോഹര കാഴ്ച

​​​​​​​

 
vatican

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ചത്വരത്തിലേക്ക് നീങ്ങിയ തീര്‍ത്ഥാടകരുടെ മനസ് നിറച്ച് മനോഹരമായ ചിത്രപണികളുമായി കരകൗശല വിദഗ്ധര്‍. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലേക്ക് നയിക്കുന്ന പാതയായ വിയ ഡെല്ല കോണ്‍സിലിയാസിയോനില്‍ ഇന്നലെ ഞായറാഴ്ച, തറപടവുകളില്‍ ഒരുക്കിയ വര്‍ണ്ണാഭമായ ചിത്രപ്പണികളാണ് പതിനായിരകണക്കിന് തീര്‍ത്ഥാടകരുടെ മനസും ഹൃദയവും നിറച്ചത്. 


യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും പ്രകൃതി വിഭവങ്ങളുടെയും കലാസൃഷ്ടികളാണ് വിവിധ വര്‍ണ്ണങ്ങളിലായി കലാകാരന്മാര്‍ ഒരുക്കിയിരിന്നത്. ഇറ്റലിയിലുടനീളമുള്ള കരകൗശല വിദഗ്ധരും സന്നദ്ധപ്രവര്‍ത്തകരും ഇതിന് ചുക്കാന്‍ പിടിച്ചു.


ഇറ്റാലിയന്‍ പട്ടണമായ സ്‌പെല്ലോയില്‍ കോര്‍പ്പസ് ക്രിസ്റ്റി തിരുനാളിനോട് അനുബന്ധിച്ച് പട്ടണത്തിലെ വിവിധ തെരുവുകളില്‍ പരവതാനികളും പൂക്കളാലും നിരവധി കലാസൃഷ്ടികള്‍ ഒരുക്കുന്നുണ്ട്. ഇതിനു സമാനമായ വിധത്തില്‍ ചരിത്രപരമായ പുഷ്പമേള എന്ന പേരില്‍ ഒരുക്കിയ വൈവിഗ്ദ്ധ്യമാര്‍ന്ന വിവിധ രൂപങ്ങള്‍ അനേകര്‍ക്ക് സമ്മാനിച്ചത് നയന മനോഹരമായ കാഴ്ചയായിരിന്നു. 


ഉണങ്ങിയ പുഷ്പ ദളങ്ങള്‍, മരക്കഷണങ്ങള്‍, നിറമുള്ള മണല്‍, ഉപ്പ്, പഞ്ചസാര, പ്രകൃതിദത്ത നിറങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് കലാസൃഷ്ടികള്‍ നിര്‍മ്മിച്ചത്.


ജൂണ്‍ 28 ശനിയാഴ്ച വൈകുന്നേരം പുഷ്പകലാകാരന്മാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സംഘങ്ങള്‍ രാത്രി മുഴുവന്‍ നടത്തിയ തീവ്രമായ പരിശ്രമം ഞായറാഴ്ച രാവിലെ 9 മണിക്ക് അവസാനിപ്പിക്കുകയായിരിന്നു. 

രാവിലെ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ ആഘോഷിക്കാനെത്തിയ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്കു സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലേക്കുള്ള വീഥിയില്‍ കാത്തിരിന്നത് നയനമനോഹരമായ കാഴ്ചകളായിരിന്നു. 

1625-ല്‍ പേപ്പല്‍ ഫ്‌ലോറിസ്റ്റിന്റെ ഓഫീസിന്റെ (അപ്പസ്‌തോലിക പുഷ്പ വിപണനശാല) തലവനായ ബെനഡെറ്റോ ഡ്രെയി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രവേശന കവാടം പൂക്കള്‍ കൊണ്ട് അലങ്കരിച്ച പാരമ്പര്യം സംരക്ഷിക്കുക എന്നതിന്റെ പിന്തുടര്‍ച്ചയായിട്ട് കൂടിയാണ് ഈ കലാസൃഷ്ടി ഇന്നലെ ഒരുക്കിയത്.

Tags

Share this story

From Around the Web