സിപിഎമ്മിന്റെ ആദ്യ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഇന്ന് ആലപ്പുഴയില്‍; തെരഞ്ഞെടുപ്പ് തിരിച്ചടിയും ജി. സുധാകരന്‍ വിഷയവും ചര്‍ച്ചയാകും

 
pinarayi vijayan


ആലപ്പുഴ: സിപിഎമ്മിന്റെ ആദ്യ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കമാകും. സെപ്റ്റംബര്‍ 26, 27 തീയതികളിലായി നടക്കുന്ന യോഗത്തില്‍ വിശാല സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖ അവതരിപ്പിക്കും. തുടര്‍ന്ന് ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ രണ്ടുദിവസം ചര്‍ച്ച നടക്കും.

ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമെ ഏരിയ കമ്മിറ്റികളില്‍നിന്ന് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നാലുപേരും വര്‍ഗ-ബഹുജന സംഘടനകളുടെ ജില്ലാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. ഏകദേശം 130 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന-കേന്ദ്ര നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

ലോക്‌സഭ, തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും സംഘടനാ ദൗര്‍ബല്യങ്ങളും പ്രധാന ചര്‍ച്ചയാകും. ആലപ്പുഴയിലെ ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നിടത്ത് മാത്രമാണ് സിപിഎമ്മിന് വിജയിക്കാനായത്. 

മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് അകന്ന സാഹചര്യവും അദ്ദേഹത്തിന്റെ പരസ്യ വിമര്‍ശനങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും.
വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശങ്ങളും പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 കായംകുളം, കുട്ടനാട്, തകഴി മേഖലകളിലെ സംഘടനാ പ്രശ്‌നങ്ങളും വിഭാഗീയതയും യോഗം പരിശോധിക്കും. സംഘടനാ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിനുമുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയാകും.

Tags

Share this story

From Around the Web