മുഖ്യമന്ത്രിക്കെതിരായ പുനർജനി കേസ് അവസാനിപ്പിച്ചതിനെതിരെ സിപിഎം രംഗത്ത്; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം, പ്രതിഷേധം ഇന്ന് എറണാകുളത്ത്.
തിരുവനന്തപുരം: പുനർജനി അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിക്ക് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയ നടപടി രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം ഒരുങ്ങുന്നു. ഈ നടപടി പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇതിന്റെ ഭാഗമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഇന്ന് എറണാകുളത്ത് തുടക്കമാകും.
പറവൂർ മണ്ഡലത്തിൽ പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കാൻ വിദേശ ഫണ്ട് വാങ്ങിയതിൽ ക്രമക്കേടില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കേസ് അവസാനിപ്പിച്ചത്. എന്നാൽ വിദേശഫണ്ട് വാങ്ങിയതിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ഇടത് സർക്കാരിന്റെ കാലത്തെ വിജിലൻസ് ഡയറക്ടറുടെ ശുപാർശയും യുഡിഎഫ് സർക്കാർ തള്ളിയെന്നാണ് ആരോപണം. വി.ഡി. സതീശനെ രക്ഷിക്കാൻ ആസൂത്രിതമായ നീക്കമാണ് നടന്നതെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെ ലക്ഷ്യമിട്ട് പുനർജനിയിലെ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. കേന്ദ്ര ഏജൻസിക്ക് അന്വേഷണം വിടണമെന്ന വിജിലൻസ് ഡയറക്ടറുടെ ശുപാർശ പുറത്തുവന്നപ്പോഴായിരുന്നു സതീശന്റെ ഏറെ ചർച്ചയായ പ്രതികരണം ഉണ്ടായത്.
2018ൽ പറവൂരിൽ പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിനായി വിദേശപര്യടനം നടത്തിയ വി.ഡി. സതീശൻ ധനസമാഹരണത്തിന് അഭ്യർത്ഥന നടത്തിയിരുന്നു. തുടർന്ന് 'മണപ്പാട് ഫൗണ്ടേഷൻ' എന്ന സംഘടനയുടെ വിദേശനാണ്യ ഇടപാട് നടത്താൻ കഴിയുന്ന അക്കൗണ്ടിലേക്കാണ് പണമെത്തിയത്. പുനർനിർമ്മാണ പദ്ധതിയിൽ ക്രമക്കേട് കണ്ടെത്താനായില്ലെന്ന് ഇടത് സർക്കാരിന്റെ കാലത്ത് രണ്ടു തവണ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ വിജിലൻസ് അന്വേഷണം നിലനിൽക്കില്ലെങ്കിലും വിദേശനാണ്യ വിനിമയ ചട്ടലംഘനമുണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണമെന്ന് വിജിലൻസ് ഡയറക്ടർ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ശുപാർശ നൽകിയിരുന്നു. ഈ സാഹചര്യങ്ങളാണ് നിലവിൽ രാഷ്ട്രീയ പോരിന് കാരണമായിരിക്കുന്നത്.