സിപിഐഎം നേതാക്കളുടെ ശ്രമം അപലപനീയം, മാര്‍ ജോസഫ് പാംപ്ലാനിക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് സിറോ മലബാര്‍ സഭ

കണ്ണൂര്‍:മാര്‍ ജോസഫ് പാംപ്ലാനിക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് സിറോ മലബാര്‍ സഭ. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുള്‍പ്പടെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ നടത്തുന്നു. സി.പി.ഐ.എം നേതാക്കളുടെ ശ്രമം അപലപനീയം. സഭയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ലെന്നും സിറോ മലബാര്‍ സഭ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാംപ്ലാനി അവസരവാദിയാണെന്നും, ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നും എം.വി. ഗോവിന്ദന്‍ വിമര്‍ശിച്ചു.
ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ സംസാരിച്ചു. ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതിയും, അച്ഛന്മാര്‍ കേക്കും കൊണ്ടു സോപ്പിടാന്‍ പോയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍.എസ്.എസ്.ന് വിധേയപ്പെട്ടു . ഒന്ന് ജുഡീഷ്യറി, മറ്റൊന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
കേരളത്തിലും ബിജെപി കള്ളവോട്ട് ചേര്‍ക്കല്‍ തുടങ്ങി. ബിജെപി ശക്തികേന്ദ്രങ്ങളിലാണ് കള്ളവോട്ട് ചേര്‍ക്കുന്നത്. രാഹുല്‍ ഗാന്ധി നടത്തിയത് നല്ല പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.