സി.പി.എം. നേതാവ് ബേബി ജോണ്‍ അന്തരിച്ചു
തൃശ്ശൂര്‍: മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി ജോണ്‍(75) അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സി.പി.എം. മുന്‍ ജില്ലാ സെക്രട്ടറിയാണ്. 2011-ല്‍ മണലൂരില്‍ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചിട്ടുണ്ട്.
ബ്ലാങ്ങാട് പിവിഎംഎല്‍പി സ്‌കൂളില്‍ അധ്യാപകനായിരുന്നു ബേബി ജോണ്‍. മികച്ച പ്രഭാഷകനായിരുന്ന അദ്ദേഹം തൃശ്ശൂരിലെ സി.പി.എമ്മിലെ ശ്രദ്ധേയ മുഖങ്ങളിലൊന്നായിരുന്നു. 1969 മുതല്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുതുടങ്ങിയ അദ്ദേഹം 1971-ല്‍ പാര്‍ടി അംഗമായി.
പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷം 1984 മുതല്‍ 97 വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായി. 1986-ല്‍ ജില്ലാ കമ്മിറ്റിയംഗമായി. 97മുതല്‍ ജില്ലാ സെക്രട്ടറിയറ്റംഗമാണ്. 2006 ജൂലായിലാണ് സി.പി.എം. തൃശ്ശൂര്‍ ജില്ലാസെക്രട്ടറിയായി ചുമതലയേറ്റത്.
അടിയന്തരാവസ്ഥയില്‍ രണ്ടരമാസം ജയില്‍വാസമനുഷ്ഠിച്ചു. 1975-ലെ സ്വാതന്ത്ര്യദിനത്തില്‍ കരിങ്കൊടി കെട്ടാന്‍ ശ്രമിച്ചതിന് കൊടിയ പൊലീസ് മര്‍ദനമേറ്റു. അടിയന്തരാവസ്ഥക്കാലത്ത് ഡിഐആര്‍ പ്രകാരം രണ്ടുതവണ അറസ്റ്റിലായി. ചാവക്കാട് നഗരസഭ നിലവില്‍ വന്നപ്പോള്‍ (1980-85) കൗണ്‍സിലറും ആദ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായി. 88-ലും കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ഷീല. മക്കള്‍: മാനവന്‍, ഹിമവാന്‍ (ചാവക്കാട് സര്‍വീസ് സഹകരണ ബാങ്ക്), അംഗന (അയ്യന്തോള്‍ സഹകരണബാങ്ക് ).