സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ കേരള ഘടകത്തിന് വിമര്‍ശനം: തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസം, താഴെത്തട്ടില്‍ സംഘടന ചലിച്ചില്ല
ന്യൂഡല്‍ഹി: തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ കേരള ഘടകത്തിന് വിമര്‍ശനം. അമിത ആത്മവിശ്വാസമാണ് തോല്‍വിക്ക് കാരണമെന്നാണ് വിമര്‍ശനം. സംഘടന സംവിധാനം ചലിച്ചില്ലെന്നും കുറ്റപ്പെടുത്തല്‍ ഉയര്‍ന്നു.
പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തില്‍ അവ്യക്തതയെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തിരുവനന്തപുരം വിളപ്പില്‍ശാലയിലെ ഇഎംഎസ് അക്കാദമിയിലാണ് യോഗം ചേരുന്നത്.
മൂന്ന് ദിവസങ്ങളിലായി നടന്നുവരുന്ന യോഗം ഇന്ന് സമാപിക്കും.
കേരളവും പശ്ചിമ ബംഗാളും ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നേതൃത്വത്തിന്റെ വിമര്‍ശനങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അമിത ആത്മവിശ്വാസം ഉണ്ടായിരുന്നു എന്ന് തന്നെയാണ് സംസ്ഥാന കമ്മിറ്റിയും വിലയിരുത്തിയിരുന്നത്.
സമാനമായ വിമര്‍ശനമാണ് കേന്ദ്ര കമ്മിറ്റിയില്‍ നിന്നും കേരള ഘടകത്തിന് കേള്‍ക്കേണ്ടി വന്നത്. താഴെത്തട്ടിലെ സംഘടനാ സംവിധാനം ചലിച്ചില്ലെന്നതാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്ന അടുത്ത പ്രധാന വിമര്‍ശനം.
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്കെത്തുമെന്നും ജനങ്ങള്‍ അനുകൂലമായി പ്രതികരിക്കുമെന്നുമാണ് പാര്‍ട്ടി കണക്കുകൂട്ടിയത്.
അതിനാല്‍ താഴെത്തട്ടില്‍ സംഘടനാ സംവിധാനം ചലിച്ചില്ലെന്നാണ് വിമര്‍ശനം. ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് യോഗത്തിലെ വിലയിരുത്തല്‍.
ബംഗാള്‍ തിരഞ്ഞെടുപ്പില്‍ സിപിഐഎം- കോണ്‍ഗ്രസ് സഖ്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുവെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്ന മറ്റൊരു പ്രധാനപ്പെട്ട വിമര്‍ശനം. സഖ്യത്തെക്കുറിച്ച് കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്.
കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് ബംഗാള്‍ ഘടകം കുറ്റപ്പെടുത്തി.