സി.പി. രാധാകൃഷ്ണനോ ബി.സുദര്‍ശന്‍ റെഡ്ഢിയോ, പുതിയ ഉപരാഷ്ട്രപതിയെ ഇന്ന് അറിയാം

 
Uparsthrapathy

സി.പി. രാധാകൃഷ്ണനോ ബി.സുദര്‍ശന്‍ റെഡ്ഢിയോ, പുതിയ ഉപരാഷ്ട്രപതിയെ ഇന്ന് അറിയാം

രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയെ ഇന്ന് അറിയാം. എന്‍ഡിഎ സ്ഥാനാര്‍ഥിയായ സി.പി രാധാകൃഷ്ണനും ഇന്ത്യാ സഖ്യത്തിന്റെ ബി സുദര്‍ശന്‍ റെഡ്ഢിയും തമ്മിലാണ് മത്സരം. രാവിലെ പത്ത് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറിനാണ് വോട്ടെണ്ണല്‍.

ജഗ്ദീപ്ധന്‍ഖറിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് വീണ്ടും ഒരു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സമീപകാലത്തെ ഏറ്റവും വാശിയേറിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.

രണ്ട് ദക്ഷിണേന്ത്യക്കാര്‍ പരസ്പരം മാറ്റുരക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ട്. നിലവിലെ മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണനാണ് എന്‍ ഡി എ സ്ഥാനാര്‍ഥി.

 ഒബസി വിഭാഗത്തില്‍ നിന്നുള്ള ബിജെപി നേതാവായ അദ്ദേഹം 1998 ലും 1999 ലും കോയമ്പത്തൂരില്‍ നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ആന്ധ്രാ സ്വദേശിയായ സുപ്രീം കോടതി മുന്‍ ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡിയാണ് പ്രതിപക്ഷത്തിന്റ സംയുക്ത സ്ഥാനാര്‍ഥി. നിരവധി സുപ്രധാന വിധികളില്‍ കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചതിന്റെ പേരില്‍ ശ്രദ്ധേയനാണ് ജസ്റ്റിസ് റെഡ്ഢി. 

239 രാജ്യസഭാ എംപിമാരും 542 ലോക്‌സഭാ എംപിമാരും ഉള്‍പ്പെടെ 781 എംപിമാരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോറല്‍ കോളജില്‍ ഉള്‍പ്പെടുന്നത്.

ബിജു ജനതാദളും ഭാരത് രാഷ്ട്ര സമിതിയും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചതിനാല്‍ വോട്ട് ചെയ്യുന്ന എംപിമാരുടെ എണ്ണം 770 ആയി കുറയും. ഇതോടെ 386 വോട്ടുകള്‍ ലഭിച്ചാല്‍ ഭൂരിപക്ഷം നേടാനാകും.

ജഗ്ദീപ്ധന്‍ഖറിന് ലഭിച്ച ചരിത്രഭൂരിപക്ഷം ലഭിക്കാന്‍ ഇടയില്ലെങ്കിലും,നിലവില്‍ 425 എംപിമാരുള്ള എന്‍ ഡി എ ക്ക് അനുകൂലമാണ് സാഹചര്യം.ഇരുസഭകളിലുമായി 324 വോട്ടുകളാണ് പ്രതിപക്ഷത്തിന് ഉള്ളത്. 

ഇതിനേക്കാള്‍ ഒരു വോട്ട് കൂടുതല്‍ ലഭിച്ചാല്‍ പോലും അത് വലിയ രാഷ്ട്രീയ വിജയമായി വ്യാഖ്യാനിക്കാന്‍ കഴിയും എന്നാണ് പ്രതിപക്ഷ ത്തിന്റെ കണക്കുകൂട്ടല്‍.

Tags

Share this story

From Around the Web