ഗോവധ നിരോധനം! മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍

 
 supreme court


തമിഴ്‌നാട്ടില്‍ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതിയുടെ വിധി നിലവിലെ മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും, ഗോവധത്തിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നുമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രധാന വാദം.

നിയമം നിര്‍മ്മിക്കാനുള്ള അധികാരം നിയമനിര്‍മ്മാണ സഭയ്ക്കാണ്. എന്നാല്‍, ഹൈക്കോടതി സ്വന്തം നിലയില്‍ നിയമം നിര്‍മ്മിക്കുകയാണ് ചെയ്തതെന്നും ഇത് അധികാരപരിധിയുടെ ലംഘനമാണെന്നും അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രജനനത്തിനോ വളര്‍ത്താനോ കഴിയാത്ത അവസ്ഥയിലുള്ള പശുക്കളെ കൊല്ലാന്‍ നിലവിലെ നിയമപ്രകാരം അനുമതിയുണ്ട്. ഈ വസ്തുതകള്‍ കണക്കിലെടുക്കാതെയാണ് ഹൈക്കോടതിയുടെ ഉത്തരവെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.


ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് കോയമ്പത്തൂരില്‍ പൊതുസ്ഥലങ്ങളില്‍ അറവ് നടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു മെയ് 17-ന് ഹൈക്കോടതി നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. 1976-ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, പാല്‍ ഉല്‍പാദനവും ഗ്രാമീണ സമ്പദ്വ്യവസ്ഥയും മെച്ചപ്പെടുത്തുന്നതിനായി പശുക്കളെ കൊല്ലുന്നത് നിരോധിക്കണമെന്നും, സംസ്ഥാനത്തെവിടെയും ഗോവധം നടക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയോ ഡി.ജി.പിയോ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Tags

Share this story

From Around the Web