ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ദമ്പതിമാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നതായി പരാതി
തിരുവനന്തപുരം: ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ദമ്പതിമാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നതായി പരാതി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് മൂന്നംഗ സംഘം ദമ്പതികളെ തട്ടിക്കൊണ്ടുപോയത്. ഇവരുടെ പക്കല്‍ നിന്നും സ്വര്‍ണം തട്ടിയെടുത്തശേഷം ചേര്‍ത്തലയില്‍ ഇറക്കിവിടുകയായിരുന്നു. പിന്നാലെ മറ്റൊരു സംഘം സ്വര്‍ണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെയാണ് ദമ്പതികള്‍ വലിയതുറ പോലീസില്‍ പരാതി നല്‍കിയത്.
ഈ മാസം 17 നായിരുന്നു സംഭവം. സുഹൃത്ത് വഴി ദുബായില്‍വെച്ച് പരിചയപ്പെട്ടയാള്‍ മറ്റൊരാള്‍ക്ക് നല്‍കാനായി ഏഴര പവന്‍ സ്വര്‍ണം ദമ്പതികളുടെ കൈയില്‍ കൊടുത്തുവിട്ടിരുന്നുവെന്നാണ് പറയുന്നത്. രണ്ട് വളകള്‍, മാല, മോതിരം ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് നല്‍കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ മെഹ്‌റൂഫ് എന്നയാള്‍ എത്തി സ്വര്‍ണം വാങ്ങുമെന്നായിരുന്നു ഇവരോട് പറഞ്ഞിരുന്നത്. സ്വര്‍ണം എത്തിക്കുന്നതിനുവേണ്ടി ഒരു ലക്ഷം രൂപയും ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റും വാഗ്ദാനം നല്‍കി.
വിദേശത്തുനിന്നും സ്വര്‍ണം കൊണ്ടുവന്ന ദമ്പതികളുടെ ഫോട്ടോ സഹിതം ദുബായില്‍ നിന്നും സംഘം തിരുവനന്തപുരത്ത് കൈമാറിയിരുന്നു. എന്നാല്‍ തിരുവനന്തപുരത്തെത്തിയ ദമ്പതികളെ മെഹ്‌റൂഫ് ആണെന്ന് പരിചയപ്പെട്ട മറ്റൊരു സംഘം തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു.
ചെക്കിങ് കഴിഞ്ഞ് രാവിലെ 5.45 ഓടെ പുറത്തിറങ്ങിയപ്പോള്‍ മെഹ്‌റൂഫിന്റെ ആളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആള്‍ വന്ന് വീട്ടില്‍ ആക്കിത്തരാമെന്ന് പറഞ്ഞ് ദമ്പതികളെ കാറില്‍ കയറ്റി കൊണ്ടുപോയി.
തുടര്‍ന്ന് ഇവരെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തശേഷം ചേര്‍ത്തലയില്‍ ഇറക്കിവിട്ടു. സ്വര്‍ണം വാങ്ങുമെന്ന് ഏറ്റിരുന്ന സംഘം ദമ്പതികളെ കാത്ത് വിമാനത്താവളത്തിന്റെ പുറത്തുനിന്നെങ്കിലും കാണാന്‍ കഴിയാതെ വന്നതോടെ ദമ്പതികളുടെ അഡ്രസ്സ് തിരക്കി വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും ചെയ്തു.
വാഗ്ദാനം ചെയ്ത വിമാന ടിക്കറ്റ് ലഭിച്ചുവെങ്കിലും പണം ലഭിച്ചില്ല എന്നാണ് ദമ്പതികള്‍ പറയുന്നത്. ഈ മാസം 25-ന് ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നഗരത്തിലെ സിസി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.