ബിസിനസ് പങ്കാളിത്തവും കുറഞ്ഞ വിലക്ക് ഭൂമിയും വാഗ്ദാനം ചെയ്ത് ദമ്പതികളുടെ തട്ടിപ്പ്; മലപ്പുറത്ത് നൂറോളം പേർ കബളിപ്പിക്കപ്പെട്ടതായി പരാതി
മലപ്പുറം: ബിസിനസിൽ പങ്കാളിയാക്കാമെന്നും ലാഭവിഹിതം നൽകാമെന്നും കുറഞ്ഞ വിലയ്ക്ക് ഭൂമി നൽകാമെന്നും വാഗ്ദാനം ചെയ്ത് മലപ്പുറത്ത് ദമ്പതികൾ കോടികൾ തട്ടിയെടുത്തതായി പരാതി. മലപ്പുറം മുണ്ടുപറമ്പ് സ്വദേശികളായ മുജീബ് റഹ്മാൻ, ഭാര്യ ബജീന, മകൻ ജാസിം എന്നിവർക്കെതിരെയാണ് പരാതി.
തട്ടിപ്പിന് ഇരയായവരിൽ സ്വന്തം സഹോദരനും ബന്ധുക്കളും അയൽവാസികളും സുഹൃത്തുക്കളുമുണ്ട്. സ്വദേശത്തും വിദേശത്തും ഗൾഫിലുമുള്ള ബിസിനസുകളിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണവും വിവിധ ഘട്ടങ്ങളിലായി സ്വർണവും തട്ടിയെടുത്തു.
ആദ്യഘട്ടത്തിൽ പരാതി നൽകിയ ആറു പേരിൽ നിന്നുമാത്രം 626 പവൻ സ്വർണവും ഏകദേശം മൂന്ന് കോടി രൂപയും നഷ്ടമായതായാണ് വിവരം.
പലരുടെയും വീടിന്റെയും പുരയിടത്തിന്റെയും സ്ഥലത്തിന്റെയും ആധാരങ്ങൾ വാങ്ങി പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തതായും, ഇതുമൂലം പലരും ജപ്തി ഭീഷണി നേരിടുന്ന സാഹചര്യമാണുള്ളതെന്നും പരാതിയിൽ പറയുന്നു.
തങ്ങൾ മാത്രമാണ് പണവും സ്വർണവും ആധാരവും നൽകിയതെന്നാണ് ഇരകളിൽ പലരും ആദ്യം കരുതിയിരുന്നത്. എന്നാൽ സമാനമായ രീതിയിൽ നിരവധി പേർ വഞ്ചിക്കപ്പെട്ടതായി പിന്നീട് വ്യക്തമായതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തറിയുന്നത്.
ആദ്യഘട്ടത്തിൽ ആറു പേർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. തട്ടിപ്പിനിരയായവരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ പൊലീസ് ഒരുങ്ങുന്നുണ്ട്.